
പരാതികൾ നിരവധി: അബുദാബിയിൽ അനധികൃത റിക്രൂട്ട്‌മെന്‍റ് ഓഫിസുകള്‍ അടച്ചുപൂട്ടാൻ ഉത്തരവ്
അബുദാബി: പതിനൊന്ന് അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് ഓഫിസുകള്‍ അടച്ചുപൂട്ടാൻ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഉത്തരവിട്ടു. താമസക്കാരിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. അബൂദബി രജിസ്‌ട്രേഷന്‍ അതോറിറ്റിയുമായി ചേർന്നാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ഈ സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള റിക്രൂട്ട്‌മെന്‍റ് ഓഫിസുകള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ഇവയെ നിരീക്ഷിക്കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ലൈസൻസുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മന്ത്രാലയത്തിന്‍റെ ഡിജിറ്റല്‍ ചാനലുകള്‍ മുഖേനയോ ഹോട്ട്‌ലൈന്‍ നമ്പറായ 600 59 0000ലോ ടോള്‍ ഫ്രീ നമ്പറായ 80084ലോ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷമാദ്യം 40 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്‍റ് ഓഫിസുകള്‍ക്കെതിരേ മന്ത്രാലയം പിഴചുമത്തിയിരുന്നു. 140 ഓളം നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടപടി.