
അശ്ലീലാധിക്ഷേപം: പരാതിക്കാരിക്ക് 25,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
അബുദാബി: അശ്ലീലാധിക്ഷേപം നടത്തിയെന്ന കേസിൽ പരാതിക്കാരിക്ക് 25,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അബുദാബി കുടുംബ, സിവിൽ, ഭരണക്കോടതി ഉത്തരവിട്ടു. കോടതി ചെലവും ഫീസും നൽകണമെന്നും ഉത്തരവിൽ പറയുന്നു. പ്രതി അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് സ്ത്രീ കേസ് ഫയൽ ചെയ്തത്.
പ്രാഥമിക കോടതി പ്രതിയായ പുരുഷനെ കുറ്റവിമുക്തനാക്കിയെങ്കിലും പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകി.
അപ്പീൽ കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 2,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. എന്നാൽ പരാതിക്കാരിയായ സ്ത്രീ ഭൗതികവും ധാർമികവുമായ നഷ്ടങ്ങൾക്ക് പരിഹാരമായി 60,000 ദിർഹം ആവശ്യപ്പെട്ടു.
പ്രതിയുടെ പ്രവൃത്തികൾ മൂലമുണ്ടായ വൈകാരികവും ധാർമികവുമായ നഷ്ടങ്ങൾക്ക് 25,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ സ്ത്രീക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചതിന് തെളിവുകളില്ലെന്ന് കോടതി കണ്ടെത്തി.