ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; മുൻ പ്രവാസിക്ക് നഷ്ടമായത് നാല് ലക്ഷത്തിലധികം ദിർഹം, മുന്നറിയിപ്പുമായി പൊലീസ്

സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട നിക്ഷേപ ഗ്രൂപ്പിന്‍റെ വാഗ്ദാനത്തിൽ വീണ് തുടക്കത്തിൽ ചെറിയ തുകകളാണ് ഇദ്ദേഹം കൈമാറിയത്
Online investment scam: Former expatriate loses over 400,000 Dirhams

ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; മുൻ പ്രവാസിക്ക് നഷ്ടമായത് നാല് ലക്ഷത്തിലധികം ദിർഹം

Updated on: 

ദുബായ്: ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ പെട്ട് ദുബായിലെ മുൻ പ്രവാസിക്ക് നാല് ലക്ഷത്തിലധികം ദിർഹം നഷ്ടമായി. പ്രലോഭനകരമായ നിക്ഷേപ വാഗ്ദാനങ്ങളിൽ വീണ് രണ്ട് മാസത്തിനുള്ളിലാണ് മുപ്പത് വർഷത്തെ സമ്പാദ്യം മുഴുവൻ ഇദ്ദേഹത്തിന് നഷ്ടമായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെ അന്താരാഷ്ട്ര സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾക്കെതിരേ താമസക്കാർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.

സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട നിക്ഷേപ ഗ്രൂപ്പിന്‍റെ വാഗ്ദാനത്തിൽ വീണ് തുടക്കത്തിൽ ചെറിയ തുകകളാണ് ഇദ്ദേഹം കൈമാറിയത്. കൂടുതൽ ലാഭം വാഗ്ദാനം ചെയ്തതോടെ ബാക്കി തുകയും കൈമാറുകയായിരുന്നു. തട്ടിപ്പുകാർ പല പേരുകളിലുള്ള അക്കൗണ്ടുകൾ നൽകി തുക വിഭജിച്ച് അയക്കാൻ ആവശ്യപ്പെടാറുണ്ടെന്ന് ദുബായ് പൊലീസ് പറഞ്ഞു.

യുവാക്കളെയും ഉയർന്ന തുക സമ്പാദ്യമുള്ളവരെയും ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. പ്രതിമാസം 20 മുതൽ 30 ശതമാനം വരെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന പദ്ധതികളെ ജാഗ്രതയോടെ കാണണമെന്ന് അധികൃതർ നിർദേശിച്ചു.

പൊലീസായും സർക്കാർ ഉദ്യോഗസ്ഥരായും ചമഞ്ഞുള്ള വ്യാജ ഫോൺ കോളുകൾ, വ്യാജ കസ്റ്റമർ കെയർ ലിങ്കുകൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചു വരികയാണെന്നും അജ്ഞാത സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു. സംശയാസ്പദമായ വിവരങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി സ്ഥിരീകരിക്കണമെന്നും വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെടരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

logo
Metro Vaartha
www.metrovaartha.com