
'ഓപ്പറേഷൻ സിന്ദൂർ': ഇന്ത്യയുടെ നിലപാടിൽ യുഎഇ യിൽ ഒരാൾ പോലും സംശയം ഉന്നയിച്ചില്ലെന്ന് സർവകക്ഷി സംഘം
ദുബായ്: സമാധാനത്തിന്‍റെയും ഭീകരവിരുദ്ധ നിലപാടിന്‍റെയും സന്ദേശം നൽകാനാണ് യുഎഇ യിലെത്തിയതെന്ന് ഇന്ത്യയിൽ നിന്നുള്ള സർവ കക്ഷി പ്രതിനിധി സംഘം വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങളിൽ പാക്കിസ്താന്‍റെ പങ്ക് യുഎഇ നേതാക്കളെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്നും ഒരാൾ പോലും സംശയം ഉന്നയിച്ചില്ലെന്നും ഇന്ത്യൻ സംഘത്തലവൻ ഡോ. ശ്രീകാന്ത് ഏക് നാഥ് ഷിൻഡെ ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രണ്ട് ദിവസത്തെ യുഎഇ സന്ദർശനം പൂർത്തിയാക്കിയ സംഘം ഇനി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പോകും. ഭീകരതക്കെതിരെ ഇന്ത്യക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് ചർച്ചകളിൽ യുഎഇ ഉറപ്പു നൽകിയെന്ന് ഡോ. ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഇന്ത്യയെ ആക്രമിക്കുകയെന്നാൽ യുഎഇ ആക്രമിക്കുന്നതിന് തുല്യമെന്ന യുഎഇ സഹിഷ്ണുത-സഹവർത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്‍റെ വാക്കുകൾ ഇന്ത്യൻ നിലപാടിന് ലഭിച്ച അംഗീകാരമാണെന്ന് ഇന്ത്യൻ പ്രതിനിധികൾ വ്യക്തമാക്കി.
യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) പ്രതിരോധ-ആഭ്യന്തര-വിദേശ കാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമിയുമായി പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരതയെ ചെറുക്കുന്നതിലും തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലുമുള്ള ഇന്ത്യയുടെ മുൻനിര പങ്കിനെ അദ്ദേഹം അംഗീകരിച്ചുവെന്ന് ഷിൻഡെ വ്യക്തമാക്കി.
പാക്കിസ്ഥാന്‍റെ യഥാർഥ മുഖം തുറന്നു കാട്ടാൻ കൂടിക്കാഴ്ചകൾ സഹായിച്ചു. സമാധാനവും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഭീകരതക്കെതിരെ സന്ധിയില്ലാ നിലപാടാണ് എന്നും ഇന്ത്യയ്ക്കുള്ളത് -അദ്ദേഹം വിശദീകരിച്ചു. വ്യാപാരവും ഭീകരതയും ഒരുമിച്ച് പോകില്ല എന്നും വെള്ളവും രക്തവും ഒരുമിച്ച് ഒഴുക്കാനാവില്ല എന്നതുമാണ് 'ന്യൂ നോർമൽ' എന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
സംഘത്തലവനായ ശിവസേന എംപി ഡോ. ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെയെ കൂടാതെ, ഇ.ടി. മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്), ഡോ. സസ്മിത് പത്ര (ബിജു ജനതാ ദൾ), സുരേന്ദ്ര ജീത് സിങ് അലുവാലിയ, ബാൻസുരി സ്വരാജ്, മനൻ കുമാർ മിശ്ര, അതുൽ ഗാർഗ് (ബിജെപി) എന്നിവരും, മുൻ അംബാസഡർ സുജൻ ചിനോയിയുമാണ് എട്ടംഗ പ്രതിനിധി സംഘത്തിലുള്ളത്. വാർത്താ സമ്മേളനത്തിൽ യുഎഇ യിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീറും, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും പങ്കെടുത്തു.