

അമെരിക്കയിൽ ഏഴ് വർഷം താമസിച്ചാൽ ഗ്രീൻ കാർഡിന് അവസരം
file photo
അമെരിക്കയിൽ ദീർഘകാലമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന വിദേശികൾക്ക്, പ്രത്യേകിച്ച് എച്ച് 1-ബി വിസയിൽ കഴിയുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, ഗ്രീൻ കാർഡ് നേടാനുള്ള വഴി എളുപ്പമാക്കുന്ന പുതിയ ബിൽ യുഎസ് സെനറ്റിൽ അവതരിപ്പിച്ചു. കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ അലക്സ് പാഡില്ലയാണ് റിന്യൂയിങ് ഇമിഗ്രേഷൻ പ്രൊവിഷൻസ് ഓഫ് ദി ഇമിഗ്രേഷൻ ആക്റ്റ് -1929 എന്ന ബിൽ വീണ്ടും അവതരിപ്പിച്ചത്.
നിലവിലെ നിയമപ്രകാരം 1972 ജനുവരി ഒന്നിന് മുമ്പ് അമേരിക്കയിൽ പ്രവേശിച്ച ചിലർക്കു മാത്രമാണ് പ്രത്യേക രജിസ്ട്രി വ്യവസ്ഥയിലൂടെ സ്ഥിരതാമസത്തിനുള്ള (ഗ്രീൻ കാർഡ്) അവസരമുള്ളത്. പുതിയ ബിൽ ഈ പഴയ തീയതി ഒഴിവാക്കി, അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അമെരിക്കയിൽ തുടർച്ചയായി ഏഴ് വർഷം താമസിച്ചവർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്.
തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡിനായി ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ടിവരുന്നത് ഇന്ത്യൻ എച്ച് 1-ബി വിസ ഉടമകൾക്കാണ്. ഓരോ രാജ്യത്തിനും നിശ്ചയിച്ചിരിക്കുന്ന വിസ പരിധി കാരണം ആയിരക്കണക്കിന് ഇന്ത്യൻ ഐടി, ശാസ്ത്ര, എൻജിനിയറിങ് മേഖലയിലെ വിദഗ്ധർക്ക് പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. പുതിയ ബിൽ നിയമമായാൽ ഈ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
സെനറ്റർ പാഡില്ലയുടെ ഓഫീസിന്‍റെ കണക്കുകൾ പ്രകാരം നിലവിലെ രജിസ്ട്രി വ്യവസ്ഥ പ്രായോഗികമായി ഉപയോഗശൂന്യമായിരിക്കുകയാണ്. 2015 മുതൽ 2019 വരെ വെറും 305 പേർക്കാണ് ഈ വ്യവസ്ഥയിലൂടെ സ്ഥിരതാമസ പദവി ലഭിച്ചത്. അതിനാൽ കാലഹരണപ്പെട്ട നിയമം നവീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം.
ബിൽ നിലവിൽ യുഎസ് കോൺഗ്രസിന്‍റെ അംഗീകാരം നേടേണ്ടതുണ്ട്. നിയമമായി മാറിയാൽ, ദീർഘകാലമായി അമെരിക്കയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർക്കും, പ്രത്യേകിച്ച് വർഷങ്ങളായി ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യൻ എച്ച് 1 -ബി വിസ പ്രൊഫഷണലുകൾക്കും വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.