അബുദാബി: സംഘർഷ ഭൂമിയായ ഗാസയിൽ നിന്നുള്ള രോഗാതുരരായ 21 കുട്ടികളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിച്ച് മെയ്‌ക്ക് എ വിഷ് ഫൗണ്ടേഷനും എമിറേറ്റ്സ് ഹുമാനിറ്റേറിയൻ സിറ്റിയും.
ചികിത്സയുടെ ഭാഗമായി യുഎയിൽ ഉള്ള കുട്ടികൾക്ക് വേണ്ടി കാർട്ടൂൺ കഥാപാത്രങ്ങളെ അവതരിപ്പിച്ചും, മാജിക് ഷോ നടത്തിയും, സ്വാദൂറുന്ന ആഹാരവും മുധുരപലഹാരങ്ങളും ഒരുക്കിയുമാണ് കുട്ടികളുടെ ആഗ്രഹങ്ങൾ സഫലീകരിച്ചത്.
ഇതിനായി ഹുമാനിറ്റേറിയൻ സിറ്റിയിൽ പ്രത്യേക ഷോയും നടത്തി. ഇതിലൂടെ കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക മാത്രമല്ല മാനവികതയോടുള്ള യുഎഇയുടെ പ്രതിബദ്ധത വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നതെന്ന് എമിറേറ്റ്സ് ഹുമാനിറ്റേറിയൻ സിറ്റിയുടെ ഔദ്യോഗിക വക്താവ് മുബാറക് അൽ ഖതാനി പറഞ്ഞു. യുഎഇയിലെ മെയ്‌ക്ക് എ വിഷ് ഫൗണ്ടേഷൻ സിഇഒ ഹനി അൽ സുബൈദിയും പരിപാടിയിൽ പങ്കെടുത്തു.