പ്രകൃതിയുടെ ഭാവങ്ങൾ ക്യാൻവാസിൽ പകർത്തി നന്ദൻ കാക്കൂരും ലവ്‌ലി നിസാറും

'ഹ്യുസ് ഓഫ് സൈഗ്‌സ്' ചിത്രപ്രദർശനത്തിന് ദുബായിൽ തുടക്കം
Painting exhibition Dubai

പ്രകൃതിയുടെ ഭാവങ്ങൾ ക്യാൻവാസിൽ പകർത്തി നന്ദൻ കാക്കൂരും ലവ്‌ലി നിസാറും

Updated on

ദുബായ്: യുഎഇയിലെ ചിത്രകലാ രംഗത്തെ പ്രമുഖരായ നന്ദൻ കാക്കൂർ, ലവ്ലി നിസാർ എന്നിവരുടെ ചിത്ര പ്രദർശനത്തിന് ദുബായിൽ തുടക്കമായി. 'ഹ്യുസ് ഓഫ് സൈഗ്‌സ്' എന്ന പേരിൽ രാവിലെ 10 മുതൽ രാത്രി 9.30 വരെ ദുബായ് സിലിക്കൺ ഒയാസിസിലെ എസ്ഐടി ടവറിൽ സർവകലാശാലാ ട്രെയിനിങ് സെന്‍റർ അങ്കണത്തിലാണ് ചിത്ര പ്രദർശനം.

സർവകലാശാലയിലെ അധ്യാപകൻ കൂടിയായ പ്രശസ്ത കലാകാരൻ നന്ദൻ കാക്കൂരിന്‍റെയും എഴുത്തുകാരിയും ഗായികയും യുഎഇയിലെ സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായ ലൗലി നിസാറിന്‍റെയും വ്യത്യസ്തമായ അമ്പതോളം സൃഷ്ടികളാണ് ആസ്വാദകർക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. പ്രവാസ ലോകത്തെ കലാകാരന്മാരെ പിന്തുണയ്ക്കുകയെന്ന നയത്തിന്‍റെ ഭാഗമായാണ് വ്യത്യസ്തമായ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത് എന്ന് സർവലകലാശാല ആർട്സ് സെന്‍റർ മാനേജ്‌മന്‍റ് അറിയിച്ചു.

സാധാരണക്കാർക്ക് സംവദിക്കാൻ സാധിക്കുന്ന പ്രമേയങ്ങളും രചനാ രീതിയുമാണ് പ്രദർശനത്തിൽ അവലംബിച്ചിരിക്കുന്നതെന്ന് നന്ദൻ കാക്കൂർ, ലവ്‌ലി നിസാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകൃതിയുടെ വിവിധ ഭാവങ്ങൾ ആവിഷ്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് നന്ദൻ കാക്കൂർ പറഞ്ഞു. ഇതോടൊപ്പം മനുഷ്യ മനസ്സിന്‍റെ സങ്കീർണതകളും സ്ത്രീകൾ നേരിടുന്ന സ്വത്വ പ്രതിസന്ധിയും വരകളിലൂടെ ആസ്വാദകരിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ലവ്‌ലി നിസാർ വ്യക്തമാക്കി.

പ്രവാസ ലോകത്ത് നിരവധി കഴിവുകൾ ഉള്ള വീട്ടമ്മമാരുണ്ടെന്നും അവരുടെ ആത്മപ്രകാശനത്തിനുള്ള പ്രചോദനം എന്ന നിലയിൽ കൂടിയാണ് താൻ ചിത്രരചന. സംഗീതം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. കേവലം ചിത്രരചന എന്നതിനപ്പുറം അക്രലിക്, കളിമണ്ണ് തുടങ്ങിയവയിൽ പരീക്ഷണം നടത്തുന്നുണ്ടെന്നും ലവ്‌ലി നിസാർ വിശദീകരിച്ചു.

എഴുത്തുകാരി ഷെമി, മാധ്യമ പ്രവർത്തകൻ ഫസ്‌ലു എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ മുഖ്യാതിഥിയായിരുന്നു, മഫാസ ഇൻവെസ്റ്റ്മെന്‍റ് സി ഇ ഒ ഐജാസ് ഖാൻ, എഴുത്തുകാരൻ ബഷീർ തിക്കോടി, മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി, ഡോ സിജി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനം ജൂൺ 22 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com