
ദുബായിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പുതിയ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് ' പാർക്കിൻ' കമ്പനി
ദുബായ്: ദുബായിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബഹുനില പാർക്കിങ് ഉപയോക്താക്കൾക്കും വേണ്ടി പാർക്കിൻ കമ്പനി പുതിയ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിച്ചു.
കാറുള്ള വിദ്യാർഥികൾക്ക് ഇപ്പോൾ പ്രതിമാസം 100 ദിർഹം മുതൽ ആരംഭിക്കുന്ന സീസണൽ പാർക്കിങ് പെർമിറ്റ് സ്വന്തമാക്കാം. ക്യാമ്പസിന്‍റെ 500 മീറ്റർ ചുറ്റളവിൽ എ, ബി, സി, ഡി സോൺ കോഡുകൾ ഉള്ള റോഡരികിലും പ്ലോട്ടുകളിലും വിദ്യാർഥികൾക്ക് വാഹനം പാർക്ക് ചെയ്യാൻ സാധിക്കും.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവരുടെ ക്യാമ്പസിനടുത്ത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പാർക്കിങ്ങിന് പ്രതിമാസം 100 ദിർഹം മുതലുള്ള സീസണൽ പാർക്കിംഗ് കാർഡ് സബ്‌സ്‌ക്രൈബ് ചെയ്യാം.
ബഹുനില പാർക്കിങിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഇപ്പോൾ പ്രതിമാസം 735 ദിർഹം മുതൽ ലഭ്യമാണ്. വരിക്കാരാകുന്നവർക്ക് അവരുടെ വീടിനോ, ജോലിസ്ഥലത്തിനോ, അല്ലെങ്കിൽ ദുബായിലെ ഇഷ്ടപ്പെട്ട സ്ഥലങ്ങൾക്കോ സമീപം സൗകര്യപ്രദമായ ബഹുനില പാർക്കിങ് നൽകുമെന്ന് പാർക്കിൻ അറിയിച്ചു.
ഈ വർഷം ആദ്യ പാദത്തിൽ 273.3 ദശലക്ഷം ദിർഹത്തിന്‍റെ റെക്കോർഡ് വരുമാനമാണ് പാർക്കിൻ നേടിയത്. 2024 ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 27 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. വേരിയബിൾ പാർക്കിംഗ് താരിഫ് നടപ്പിലാക്കുന്നതിന് മുമ്പാണ് ഇത്രയും ഉയർന്ന വരുമാനം രേഖപ്പെടുത്തിയത്.
രണ്ടാം പാദ വരുമാനം പാർക്കിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വേരിയബിൾ പാർക്കിങ് താരിഫ് നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തിൽ ഉയർന്ന വരുമാനമാണ് പ്രതീക്ഷിക്കുന്നത്.