
ഡൽഹി: ഇന്ത്യയിലുടനീളമുള്ള പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴി അനധികൃതമായി പാസ്പോർട്ട് പ്രൊട്ടക്റ്റീവ് കവറുകൾ വിൽപ്പന നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ വിദേശ കാര്യ മന്ത്രാലയത്തിന് നിവേദനം നൽകി.
നിലവിൽ ഇന്ത്യയിലുടനീളം 37 റീജിണൽ പാസ്പോർട്ട് ഓഫീസുകൾക്ക് കീഴിലായി 93 പാസ്പോർട്ട് സേവാകേന്ദ്രങ്ങളും 424 പോസ്റ്റോഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുമാണുള്ളത്. 2008 മുതൽ ഇന്ത്യയിലെ പി.എസ്.കെ കളിലെ പാസ്‌പോർട്ട് അപേക്ഷാ സേവനങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസി (ടി.എസ്.എസ്)നാണ്.
പ്രസ്തുത സ്ഥാപനം ഈ ചുമതല ഏറ്റെടുത്തത് മുതൽ അവരുടെ തന്നെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇന്‍റർനാഷണൽ ലിമിറ്റഡ് നിർമിക്കുന്ന പാസ്പോർട്ട് പ്രൊട്ടക്ടീവ് കവറുകൾ പി.എസ്.കെ കളിലൂടെ വിൽപന നടത്തുന്നുണ്ട്.
കേരളത്തിലുൾപ്പടെ പല പി.എസ്.കെ കളിലും ഇത്തരം കവറുകൾ നിർബന്ധിതമായി വിൽക്കുന്നുവെന്ന് ആരോപണം ഉയർന്നതിനെത്തുടർന്നാണ് ഇത്തരം അനധികൃത ഇടപാടുകൾക്കെതിരെ പ്രവാസി ലീഗൽ സെൽ നടപടിയാവശ്യപ്പെട്ടത്. കുടിയേറ്റ മേഖലയിലെ സാമൂഹിക പ്രവർത്തകൻ ആത്മേശൻ പച്ചാട്ട് നൽകിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് പി.എസ്.കെ വഴി നടത്തുന്ന പാസ്പോർട്ട് കവറുകളുടെ വിൽപ്പനക്ക് വിദേശകാര്യ മന്ത്രാലയം നാളിതുവരെ അനുമതി നൽകിയിട്ടില്ലെന്ന വിവരം പുറത്തുവന്നത്.
ഇത്തരം ഇടപാടുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ടും സുപ്രീംകോടതി അഡ്വക്കേറ്റുമായ ജോസ് എബ്രഹാം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അർഹതപ്പെട്ട സേവനങ്ങൾ നൽകേണ്ട സർക്കാർ സ്ഥാപനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിനും വേണ്ടി കോർപറേറ്റുകൾ അനധികൃതമായി നടത്തുന്ന പണമിടപാടുകൾ തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.