ദുബായ് എയർപോർട്ടിലെ റെഡ് കാർപറ്റ് സേവനം ഉപയോഗിച്ചത് 8 ലക്ഷം യാത്രക്കാർ

എഐയും ബയോമെട്രിക് സാങ്കേതികവിദ്യയും ചേർന്ന റെഡ് കാർപറ്റ് വഴി യാത്രാ നടപടികൾ 3.4 സെക്കൻഡിലേക്ക് ചുരുങ്ങി
Dubai airport red carpet

ലോകത്തിലെ ഏറ്റവും വേഗമേറിയ സ്മാർട്ട് യാത്രാ സംവിധാനങ്ങളിലൊന്നാണ് ‘റെഡ് കാർപറ്റ്’.

Updated on

ദുബായ്: ദുബായ് വിമാനത്താവളങ്ങളിലെ റെഡ് കാർപറ്റ് സ്മാർട്ട് ട്രാവൽ സേവനത്തിന് മികച്ച പ്രതികരണം. ഈ സംവിധാനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ, 2026 ഏപ്രിൽ വരെ 8 ലക്ഷം യാത്രക്കാരാണ് ഈ സംവിധാനം ഉപയോഗിച്ചതെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ബയോമെട്രിക് സാങ്കേതികവിദ്യകളും സംയോജിപ്പിച്ച ഈ അത്യാധുനിക സംവിധാനം, പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ കാണിക്കാതെ തന്നെ യാത്രക്കാർക്ക് ഏതാനും സെക്കൻഡുകൾക്കകം പ്രവേശന-പുറപ്പെടൽ നടപടികൾ പൂർത്തിയാക്കാൻ യാത്രക്കാരെ സഹായിക്കും. ലോകത്തിലെ ഏറ്റവും വേഗമേറിയ സ്മാർട്ട് യാത്രാ സംവിധാനങ്ങളിലൊന്നായാണ് ‘റെഡ് കാർപറ്റ്’ വിലയിരുത്തപ്പെടുന്നത്.

നേരത്തെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ 12.5 സെക്കൻഡ് എടുത്തിരുന്നെങ്കിൽ, ‘റെഡ് കാർപറ്റ്’ സംവിധാനത്തിലൂടെ അത് വെറും 3.4 സെക്കൻഡായി ചുരുങ്ങി. 60 ശതമാനത്തിലേറെ സമയ ലാഭമാണ് കൈവരിച്ചത്. ഒരേസമയം ഒരാൾ എന്ന രീതിയിൽ നിന്ന്, 10 യാത്രക്കാരെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധാനമായും പദ്ധതി വികസിച്ചുവെന്ന് ജനറൽ ഡയറക്റ്ററേറ്റ് വ്യക്തമാക്കി.

മുൻപ് ആവശ്യമായിരുന്ന രണ്ട് യാത്രാരേഖകളുടെ ആവശ്യകത പൂർണമായും ഒഴിവാക്കുകയും, എല്ലാ കോൺടാക്റ്റ് പോയിന്‍റുകളും ഇല്ലാതാക്കുകയും ചെയ്തതിലൂടെ പ്രവർത്തന മികവിലും ഡിജിറ്റൽ ഏകീകരണത്തിലും വലിയ മുന്നേറ്റമാണ് കൈവരിച്ചത്.

സേവന മാനദണ്ഡങ്ങളിൽ 100 ശതമാനം സേവനനിരക്ക് കൈവരിച്ച ‘റെഡ് കാർപറ്റ്’, വിമാനത്താവള സേവനങ്ങളിൽ 99.81 ശതമാനം ഉപഭോക്തൃ സംതൃപ്തിയും നേടി. യാത്രക്കാർക്ക് കൂടുതൽ സുഗമവും മനുഷ്യകേന്ദ്രിതവുമായ അനുഭവം നൽകുന്ന സംവിധാനമായി ഇത് മാറിയതായി അധികൃതർ കൂട്ടിച്ചേർത്തു.

പദ്ധതി ആരംഭിച്ചതിന് ശേഷം നിരവധി വികസനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ടെർമിനൽ 3-ലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലെ ക്യാമറാ സംവിധാനങ്ങൾ പുനർരൂപകൽപ്പന ചെയ്തതോടൊപ്പം, 2025 ഒക്ടോബറിൽ യുഎഇ പൗരന്മാർക്കായി അറൈവൽ ഹാളിലും സേവനം ആരംഭിച്ചു. തുടർന്ന് 2026 മാർച്ചിൽ താമസക്കാർക്കും ഇത് വ്യാപിപ്പിച്ചു.

കൂടുതൽ കൊറിഡോറുകൾ ഉൾപ്പെടുത്തി രണ്ടാംഘട്ട വികസനത്തിനുള്ള പഠനവും ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിനകം ആഗോളതലത്തിലും ‘റെഡ് കാർപറ്റ്’ പദ്ധതി ശ്രദ്ധേയ അംഗീകാരങ്ങൾ നേടി.

2025-ലെ ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്സിൽ “ഡിസ്റ്റിംഗ്വിഷ്ഡ് ഇന്നൊവേഷൻ ഇൻ ഗവൺമെന്‍റ് സെക്ടർ” പുരസ്‌കാരം പദ്ധതിക്ക് ലഭിച്ചിരുന്നു. സ്റ്റീവി മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക 2025 അവാർഡും, ‘റെഡ് കാർപറ്റ്’ സേവന മികവുകൾക്ക് ലഭിച്ചു.

logo
Metro Vaartha
www.metrovaartha.com