
പീറ്റർ വർഗീസ്
സൗദി അറേബ്യ: പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോർഡിനേറ്ററായി പീറ്റർ വർഗീസ് നിയമിതനായി. സൗദി അറേബ്യയിലെ റിയാദിൽ 33 വർഷമായി ഓട്ടോമേഷൻ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന സാമൂഹ്യ പ്രവർത്തകനാണ് പീറ്റർ വർഗീസ്. മിഡിൽ ഈസ്റ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിസിസി ഗൾഫ് അലൂമിനിയം കൗൺസിൽ കമ്മിറ്റി അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിലെ അംഗവുമാണ്.
റിയാദ് ഇന്ത്യൻ അസോസിയേഷന്‍റെ ജോയിന്‍റ് കൺവീനറായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്. പീറ്റർ വർഗീസ് സ്ഥാപിച്ച പവിത്രം വെൽഫെയർ ഫൗണ്ടേഷൻ കേരളത്തിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. പ്രവാസി ഇന്ത്യക്കാർ ഏറെയുള്ള സൗദി അറേബ്യയിൽ ഈ നിയമനം.
പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സഹായകരമാവുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്‌റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ അബുദാബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്‌മാൻ ചാപ്റ്റർ അധ്യക്ഷ ഹാജിറാബി വലിയകത്ത്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ, യൂകെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, ഒമാൻ ചാപ്റ്റർ ഓർഡിനേറ്റർ രാജേഷ് കുമാർ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.