
സ്വന്തം ജീവിതത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മാതൃക സൃഷ്ടിക്കുന്നവരെയാണ് കാലം മഹാന്മാരെന്നു വിളിക്കുന്നത്. സ്വജീവിത പ്രവര്‍ത്തികളിലൂടെ ഈ വിശേഷണത്തിനര്‍ഹനായ വ്യക്തിയാണ് അമെരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ഫിലിപ്പ് ചാമത്തില്‍. 2018-2020 കാലഘട്ടത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമെരിക്കയെ (ഫോമ) നയിച്ച പ്രസിഡന്‍റ്. സമൃദ്ധമായൊരു സേവനകാലത്തിന്‍റെ പേരിലാണു ഫിലിപ്പിന്‍റെ നാമം തങ്കലിപികളാല്‍ അമെരിക്കന്‍ മലയാളികളുടെ മനസില്‍ ആലേഖനം ചെയ്യപ്പെടുന്നത്. സ്വന്തം ജീവിതം സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ചാണു ഡാളസില്‍ താമസിക്കുന്ന ഫിലിപ്പ് ചാമത്തിലിന്‍റെ ഓരോ പ്രവര്‍ത്തനങ്ങളും. ചെങ്ങരൂര്‍ പോസ്റ്റ് മാസ്റ്ററും വ്യവസായിയുമായിരുന്ന സി. സി ചാക്കോയുടെയും പെണ്ണമ്മയും മകനായ ഫിലിപ്പ് ചാമത്തിലിന്‍റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്.
എന്നും സേവനസന്നദ്ധന്‍
അമെരിക്കന്‍ എയര്‍ലൈന്‍സിലെ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ മൂന്നു പതിറ്റാണ്ടോളം ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. പതിനേഴ് വര്‍ഷമായി സ്വന്തം ഹെല്‍ത്ത് കെയര്‍ സ്ഥാപനവും നടത്തുന്നു. ഇക്കാലയളവിലെല്ലാം സേവനപ്രവര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കി. പ്രാദേശിക തലത്തിലും ദേശീയ തലത്തിലും ഫോമയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് തലപ്പത്തേക്ക് എത്തുന്നത്. ഡാളസിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലും സജീവം. ലോകമെങ്ങും ഫോമയെ രേഖപ്പെടുത്തുന്നതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കൂടിയാവണമെന്നു തലപ്പത്തെത്തുമ്പോള്‍ ഫിലിപ്പിനു നിര്‍ബന്ധമുണ്ടായിരുന്നു. ആ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്തു.
പ്രളയകാലത്തൊരു വലിയ ലക്ഷ്യം
2018-ലെ പ്രളയകാലത്ത് കേരളത്തിലേക്കും ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ നാട്ടിലെത്തി ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് നാടിനെ നടുക്കിയ വെള്ളപ്പൊക്കം. സഹപ്രവര്‍ത്തകരായ ജെയില്‍ കണ്ണച്ചാംപറമ്പില്‍, വിന്‍സന്‍റ് ബോസ്, സജു, ശശിധരന്‍ നായര്‍ എന്നിവരും നാട്ടിലുളള സമയം. ദുരിതം അനുഭവിക്കുന്ന എല്ലാവരിലേക്കും സഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി മുന്നിട്ടിറങ്ങി. നാലു ജില്ലകളിലായി പതിനായിരത്തിലധികം പേരിലേക്ക് ഭക്ഷ്യധാന്യങ്ങളും ക്ലീനിങ് ഉപകരണങ്ങളും എത്തിച്ചു. വീടുപേക്ഷിച്ചു ദുരിതാശ്വാസ ക്യാമ്പിലേക്കു മാറിയവരുടെ വേദന കണ്ണു നനയിച്ചു. അതിനൊരു പോംവഴി വേണമെന്ന ചിന്തയില്‍ നിന്നും മഹത്തായ മറ്റൊരു ലക്ഷ്യം കൂടി പിറവിയെടുത്തു. സ്വന്തം വീടിന്‍റെ തണലില്‍ കിടന്നുറങ്ങുന്നവനോളം സമാധാനം അനുഭവിക്കുന്നവര്‍ വേറെയില്ല. വീടൊരുക്കി കൊടുക്കുക എന്ന വലിയ ദൗത്യത്തിലേക്ക് ഫിലിപ്പിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ഫിലിപ്പ് ചാമത്തിലിന്‍റെ നേതൃത്വത്തില്‍ ഫോമാ വില്ലേജ് പ്രൊജക്റ്റിന് തുടക്കമാന്നത്.
വില്ലേജ് പ്രൊജക്റ്റിലൂടെ 40 വീടുകള്‍
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അമെരിക്കയില്‍ തിരിച്ചെത്തി വിളിച്ചു ചേര്‍ത്ത ആദ്യത്തെ നാഷണല്‍ കമ്മിറ്റി ഇപ്പോഴും ഫിലിപ്പിന്‍റെ മനസില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു. ആ കമ്മിറ്റിയില്‍ ഫോമ വില്ലേജ് പ്രൊജക്റ്റ് അവതരിപ്പിച്ചു. സുമനസ്‌കരായ നിരവധി പേരുണ്ടെന്ന തിരിച്ചറിഞ്ഞ നിമിഷം. ഫ്‌ളോറിഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം പൗലോസ് കുയിലാടന്‍ ആശയത്തെ പിന്തുണച്ചു. മറ്റൊരു അംഗമായ നോയല്‍ മാത്യൂ, അദ്ദേഹത്തിന്‍റെ നിലമ്പൂരിലുള്ള ഒരേക്കര്‍ വസ്തു ഫോമ വില്ലേജ് പ്രൊജക്റ്റിനായി നല്‍കാമെന്നു സമ്മതിച്ചു. അതൊരു നന്മ നിറഞ്ഞ തുടക്കമായി. തിരുവല്ല കടപ്ര മലപ്പുറം പ്രോജക്ടുകള്‍ 2019 ല്‍ തന്നെ പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നടത്താനായി.
തുടര്‍ന്ന് അനിയന്‍ ജോര്‍ജ് , ഉണ്ണികൃഷ്ണന്‍ , ജോസഫ് ഔസോ, ബിജു തോണിക്കടവില്‍, നോയല്‍ മാത്യു തുടങ്ങിയവര്‍ അംഗങ്ങളായി വിപുലമായ വില്ലേജ് കമ്മറ്റി രൂപീകരിച്ചു. ആ കമ്മിറ്റി കൂടാതെ ഫോമാ നാഷണല്‍ കമ്മറ്റി, ഫോമ റീജിയനുകളുടേയും കൂട്ടായ പരിശ്രമത്തിലൂടെ നാല്‍പ്പത് വീടുകള്‍ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്‍കാനായി.
അക്കാലത്ത് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന പി. ബി. നൂഹ്, കടപ്ര പഞ്ചായത്ത് പ്രസിഡന്‍റ്, അംഗങ്ങള്‍, മലപ്പുറം പ്രോജക്ടിന്‍റെ ഭാഗമായ പഞ്ചായത്ത് പ്രവര്‍ത്തകര്‍, നോയലിന്‍റെ സുഹൃത്തുക്കള്‍ നാട്ടുകാര്‍, അമെരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ഫോമയുടെ ഈ പദ്ധതിക്കൊപ്പം ചേര്‍ന്നതോടെ വില്ലേജ് പ്രോജക്ട് സാക്ഷാത്കാരത്തിലെത്തി. വലിയ ലക്ഷ്യത്തിനായി കൂടെ നിന്നവര്‍ ഇനിയുമുണ്ട്. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, അഡ്വ. ആര്‍ സനല്‍കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഫോമാ വില്ലേജ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍ തുടങ്ങിയവരെല്ലാം അകമഴിഞ്ഞ പിന്തുണ നല്‍കി.
ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു , ജോ.സെക്രട്ടറി സജു ജോസഫ്, ജോ.ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ തുടങ്ങി അമേരിക്കന്‍ മലയാളികളുടെ പിന്തുണയും വില്ലേജ് പ്രൊജക്റ്റ് പൂര്‍ണതയിലെത്തിക്കാനുള്ള മൂലധനമായി മാറി. ഫോമാ തിരുവല്ല വില്ലേജ് പ്രൊജക്റ്റിന്‍റെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കോഴിക്കോട് തണല്‍ നല്‍കിയ സേവനങ്ങളും ഫിലിപ്പ് നന്ദിയോടെ സ്മരിക്കുന്നു.
നാലു ജില്ലകളിലായി മെഡിക്കല്‍ ക്യാംപുകള്‍
കേരളാ ഗവണ്‍മെന്റിന്‍റെ നവകേരളം പദ്ധതിക്ക് പിന്തുണയേകി ഒന്നാമതായി പൂര്‍ത്തിയാക്കപ്പെട്ട പ്രോജക്ട് കൂടിയാണ് ഫോമ വില്ലേജ് പ്രോജക്ട്. 2019 ജൂണ്‍ രണ്ടിന് കേരളാ കണ്‍വന്‍ഷന്‍ സമയത്ത് മുഴുവന്‍ വീടുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വഹിക്കാനായി. ഫോമയുടെ തുടര്‍ കമ്മിറ്റികള്‍ ഇതൊരു തുടര്‍ പ്രൊജക്റ്റായി മുന്നോട്ടു കൊണ്ടു പോകുന്നതു കൊണ്ടു തന്നെ കേരളത്തിലെ ഏറ്റവും വലിയ ഭവന നിര്‍മ്മാണ പ്രോജക്ടായി മാറും എന്നതുറപ്പാണ്.
ഫോമയുടെ സേവന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതേയില്ല
അമെരിക്കയില്‍ നിന്നും മുപ്പതോളം മെഡിക്കല്‍ വിദഗ്ധരെ നാട്ടിലെത്തിച്ചു നാലു ജില്ലകളിലായി ഇരുപതോളം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. ഹ്യുസ്റ്റണിലെ ''ലെറ്റ് ദം സ്മൈല്‍ എഗൈന്‍''എന്ന സന്നദ്ധ സംഘടനയോട് സഹകരിച്ചു ജിജു കുളങ്ങരയുടെ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ ക്യാമ്പുകള്‍. കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലില്‍ നിര്‍ധനരായ മുപ്പതോളം പേര്‍ക്ക് ജനറല്‍ സര്‍ജറിയും സൗജന്യമായി നടത്തികൊടുത്തു. മഹാമാരിയുടെ കാലത്തെ ഏറ്റവും നല്ല അനുഭവം. 2017 ലെ ഹാര്‍വി ദുരന്തത്തില്‍ ഹ്യൂസ്റ്റണ്‍ വെള്ളത്താല്‍ മൂടിയപ്പോള്‍ ഡാളസില്‍ നിന്നും ഹ്യൂസ്റ്റണിലക്ക് ഒരു ട്രക്ക് സാധനങ്ങളുമായി സഹായമെത്തിക്കാനും, ക്‌ളീനിംഗ് പ്രവര്‍ത്തങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം ഏര്‍പ്പെടുവാന്‍ സാധിച്ചതും ഫിലിപ്പിന്‍റെ ജീവിതത്തിലെ മറക്കാത്ത അനുഭവങ്ങളാണ്.
വിദ്യാര്‍ഥികള്‍ക്കും സഹായം
അന്‍പതിനായിരം രൂപ വീതം 55 നേഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണവും ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റായിരുന്ന കാലത്ത് നടത്തി. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു സഹായം നല്‍കിയ സ്‌കോളര്‍ഷിപ്പ് പദ്ധതി ഫോമയുടെ വിമന്‍സ് ഫോറം രേഖ നായരുടെ നേതൃത്വത്തിലാണു നടന്നത്. നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യുന്നതിനായുള്ള പദ്ധതി കൂടി അക്കാലത്ത് നടപ്പിലാക്കി. യുവജനങ്ങളെ ഫോമയിലേക്ക് ആകര്‍ഷിക്കുവാനും ഫിലിപ്പ് ചാമത്തിലിനു സാധിച്ചു. യുണിവേസിറ്റി ഓഫ് ടെക്സാസ് ഡാലസില്‍ ഇരുന്നൂറോളം മലയാളി വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു ഫോമയുടെ സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു.
അരിസോണയിലെ ഫീനിക്സില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റിയും ഫോമയും കരാറിലൂടെ തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായി. കരാറിലൂടെ വിദ്യാര്‍ഥികള്‍ക്ക് 200 ല്‍ അധികം കോഴ്സുകളില്‍ പതിനഞ്ചു ശതമാനം ഇളവ് നല്‍കാനായി.
വേരുറച്ച നേതൃത്വഗുണം
കോവിഡ് മഹാമാരിയുടെ കാലത്തെ ഫോമയുടെ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. ഫോമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ലൈന്‍, ഷെല്‍ഫി മാണിയുടെ നേതൃത്വത്തില്‍ കൃഷിപാഠം, കലാകാരന്‍മാരുടെ ഏകോപനം, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളുടെ ഏകോപനം തുടങ്ങിയവ വിജയകരമായി നടപ്പിലാക്കി. ആദ്യമായി ഓണ്‍ലൈനില്‍ നാടകമത്സരം നടത്തിയതും ഫോമയുടെ നേതൃത്വത്തിലാണ്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഫോമയുടെ 12 റീജിയണുകളിലും ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിച്ചു. നിരവധി പേരെ നാട്ടിലെത്തിക്കുവാനുള്ള യാത്രസൗകര്യം, കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ എന്നിവ ഈ ടാസ്‌ക് ഫോഴ്‌സിലൂടെ നടപ്പിലാക്കി. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ സഹായം നന്ദിയോടെ ഫിലിപ്പ് ചാമത്തില്‍ ഓര്‍മിക്കുന്നു. അഞ്ഞൂറിലധികം ഡെലിഗേറ്റുകളെ സൂമില്‍ ഉള്‍പ്പെടുത്തി ചരിത്രത്തിലാദ്യമായി ഫോമാ ജനറല്‍ ബോഡിയും സുതാര്യമായി ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പും നടത്തുവാനും ഫിലിപ്പ് ചാമത്തിലിന് നേതൃത്വത്തിനു സാധിച്ചു. നൂറു ശതമാനം ഡെലിഗേറ്റുകളും വോട്ട് ചെയ്ത തെരഞ്ഞെടുപ്പായിരുന്നു അത്.
ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഫോമ നാഷണല്‍ കമ്മിറ്റി അംഗം, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങി എത്രയോ പദവികളില്‍ പ്രവര്‍ത്തിച്ചു. ഡാളസ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥാപക അംഗം, ട്രസ്റ്റി, സെക്രട്ടറി, സില്‍വര്‍ ജൂബിലി ചെയര്‍മാന്‍, നിരവധിവര്‍ഷം കമ്മിറ്റി അംഗം, ഓഡിറ്റര്‍ എന്നിങ്ങനെ സേവനങ്ങളുടെ നിര നീളുന്നു. കോണ്‍ഗ്രസ്സിന്‍റെ മണ്ഡലം പ്രസിഡന്റായി സംഘടനാപ്രവര്‍ത്തനം തുടങ്ങിയതാണ് ഈ നേതൃത്വഗുണങ്ങളുടെ വേരുറപ്പിച്ചത്.
2019 ജൂണ്‍ 2 മുതല്‍ 4 വരെ ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഫോമാ വില്ലേജ് നിലകൊള്ളുന്നയിടത്തു തന്നെ സംഘടിപ്പിച്ചു. ജനകീയ കണ്‍വെന്‍ഷനായി നടത്തിയ പരിപാടിയുടെ ചെയര്‍മാന്‍ സജി എബ്രഹാം ആയിരുന്നു. ഡോ. ടി. എം തോമസ് ഐസക് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍, ആരിഫ് എംപി, എംഎല്‍എമാര്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികള്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തു.
കരുത്തായി കുടുംബം
ഫിലിപ്പ് ചാമത്തലിന്‍റെ ജീവിതവിജയത്തിനു പിന്നില്‍ പിന്തുണയുമായി കുടുംബമുണ്ട്. ഭാര്യ കാര്‍ത്തികപ്പള്ളി പാണ്ടാം പുറത്ത് പി.പി. ഫിലിപ്പിന്റേയും, തങ്കമ്മ ഫിലിപ്പിന്റേയും മകള്‍ റേച്ചല്‍ ഫിലിപ്പ് , മക്കളായ റോയ്‌സ് ഫിലിപ്പ്, റോണി ഫിലിപ്പ്, റയന്‍ ഫിലിപ്പ് എന്നിവരാണു സേവനപ്രവര്‍ത്തങ്ങള്‍ക്ക് ഉള്‍ക്കരുത്ത് പകരുന്നത്.
ഫിലിപ്പ് ചാമത്തിലിന്‍റെ മഹത്തായ പ്രവര്‍ത്തങ്ങള്‍ അവസാനിക്കുന്നില്ല. സേവനം ജീവിതദൗത്യമാക്കിയ വ്യക്തിയാണിദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായും, സഹായം അര്‍ഹിക്കുന്നവര്‍ക്ക് ആശ്രയമായും, കരുത്തുറ്റ നേതാവായും അദ്ദേഹം തന്‍റെ ജീവിതദൗത്യം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു, ഇടവേളകളില്ലാതെ.