
അബുദാബി: യുഎഇ യിൽ പ്രളയം തടയുന്നതിനും കനത്ത മഴയുടെ ആഘാതം കുറക്കുന്നതിനുമായി ഒരു ഡസനിലേറെ അണക്കെട്ടുകളും വാട്ടർ കനാലുകളും നിർമിക്കാൻ പദ്ധതി തയാറാക്കി. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ പ്രത്യേക നിർദേശ പ്രകാരമാണ് ഇവയുടെ നിർമാണം നടത്തുന്നത്. മഴ വെള്ള ശേഖരണം പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്‍റെ ജലശേഖരം 8 മില്യൺ ക്യുബിക് മീറ്ററായി ഉയർത്തുക എന്നിവയും ഈ ബൃഹത് പദ്ധതിയുടെ ലക്ഷ്യമാണ്.
യുഎഇ യുടെ ജലസുരക്ഷ നയം 2036 ന്‍റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. 9 പുതിയ അണക്കെട്ടുകൾ നിർമ്മിക്കുകയും രണ്ടെണ്ണം വികസിപ്പിക്കുകയും ചെയ്യും. നിരവധി തടയണകൾ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 19 മാസം കൊണ്ട് ഇവയുടെ നിർമ്മാണം പൂർത്തീകരിക്കും. കനത്ത മഴയുടെ ആഘാതം കുറക്കുന്നതിന് 9 കിലോമീറ്റർ നീളത്തിൽ ഇടങ്ങളിൽ വാട്ടർ കനൽ നിർമിക്കും.
ഷാർജയിലെ ഷിസ്, ഖോർഫക്കാൻ, അജ്മാനിലെ മസ് ഫൗട്ട്, റാസൽഖൈമയിലെ ഷാം, അൽ ഫഹ്‌ലീൻ, ഫുജൈറയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഹെയ്ൽ, അൽ ഖർയഹ്, ഖിദ്‌ഫ.മർബ, ദദ്ന, അൽ സെജി, അൽ ഗസീമ്രി എന്നിവിടങ്ങളിലാണ് കനാലുകൾ നിർമിക്കുന്നത്.