ഇന്തോ–അറബ് അക്കാഡമിക് ബന്ധത്തിന് കരുത്തേകി അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിനു സമാപനം

എമിറേറ്റ് ഒളിംപിക്സ് അഥോറിറ്റി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിപാടി ഉദ്ഘടനം ചെയ്തു.
എമിറേറ്റ് ഒളിംപിക്സ് അഥോറിറ്റി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിപാടി ഉദ്ഘടനം ചെയ്തു.

അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിനു സമാപനം.

Updated on: 

ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആതിഥേയത്വത്തിൽ മൂന്ന് ദിവസമായി നടക്കുന്ന പന്ത്രണ്ടാം അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു.

എമിറേറ്റ് ഒളിംപിക്സ് അഥോറിറ്റി ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിപാടി ഉദ്ഘടനം ചെയ്തു. ഭാഷാ ഗവേഷകന്മാർക്കും സാഹിത്യകാരന്മാർക്കുമായി പത്ത് ലക്ഷം ഡോളറിന്‍റെ അവാർഡുകൾ വിതരണം ചെയ്തു.

അവാർഡ് ജേതാക്കളെ നാഷനൽ മീഡിയ അഥോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ പ്രമുഖരും ഇന്‍റർ നാഷനൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് ഭാരവാഹികളും സംസാരിച്ചു. കൗൺസിൽ ജനറൽ സെക്രട്ടറി അലി ബിൻ അബ്ദുല്ലാ അൽ മൂസ ആമുഖ ഭാഷണം നടത്തി.

എഴുപതോളം രാഷ്ട്രങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറിലേറെ അറബി ഭാഷാവിദഗ്‌ധർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ ആധുനിക കാലത്തെ അറബി ഭാഷയുമായി ബന്ധപ്പെട്ട അഞ്ഞൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി.

ഇന്ത്യയിലെ അറബി ഭാഷയുടെ ചരിത്രവും വികസനവും ചർച്ച ചെയ്ത പ്രത്യേക സെഷൻ ഏറെ ശ്രദ്ധേയമായി. അറബി രാഷ്ട്രങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അറബി ഭാഷാ പഠന സംവിധാനങ്ങളുള്ളത് ഇന്ത്യയിലാണ്. ഡൽഹി ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി, ജാമിഅ മില്ലി യൂണിവേഴ്സിറ്റി തുടങ്ങിയ കേന്ദ്ര സർവ്വകലാശാലകളിൽ നിന്നുള്ളള അദ്ധ്യാപകർ പങ്കെടുത്തു. ഇന്തോ അറബ് സെഷനിൽ പ്രമുഖ അറബി ഭാഷാപണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ ചർച്ച ഉദ്ഘാടനം ചെയ്തു.

ഡോ മുഹമ്മദ് ഹസൻ ഒസ്മാൻ, ഡോ. അലി അബ്ദു ന്നബി ഫർഹാൻ, ഡോ. അഖ്തർ ആലം , ഡോ. മുഹമ്മദ് അജ്മൽ ഇസ്മാഈൽ, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരളത്തിൽ നിന്നും ഡോ. ഹുസൈൻ മടവൂരിന്ന് പുറമെ ഡോ. യൂസുഫ് നദ്‌വി, ഡോ. ശൈഖ് മുഹമ്മദ്, ഡോ. നൂറുൽ അമീൻ മങ്കട , ഡോ. സുബൈർ വാഴമ്പുറം, ഡോ. മുഹമ്മദ് ആബിദ്, മുഹമ്മദ് ആര്യൻതൊടിക, പി.കെ. സലീം അംലാസ്, ഡോ. കെ.പി. അബ്ബാസ്, ഡോ. ഹാഫിസ് അബ്ദുള്ള ഫൈസി, ഡോ. സാജിദ്, മൗലാന ഇക്രിമത്, ഷമീം സലാഹി മടവൂർ, ഡോ. മുഹ്സിന, സി.എ. റസാഖ്, സിറാജ് ചെലേമ്പ്ര, റാഫി കൊപ്പറക്കളം, മുഹമ്മദ് ഷാൻ തുടങ്ങിയവർ പങ്കെടുത്തു.

അറബി ഭാഷയുടെ ആഗോള പ്രചാരണം, അക്കാദമിക ഗവേഷണങ്ങളുടെ വികസനം, ഭാഷാ-സാംസ്കാരിക വിനിമയം, ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിദ്യാഭ്യാസ-gസാംസ്കാരിക ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിലെ വിവിധ സെഷനുകളിൽ ചർച്ചയായി.