

നിയമലംഘനം നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്
ദുബായ്: 54ാമത് ദേശീയദിന ആഘോഷങ്ങൾക്കിടെ വിവിധയിടങ്ങളിൽ നിയമലംഘനം നടത്തിയ 49 കാറുകളും 25 ഇരുചക്രവാഹനങ്ങളും ദുബായ് പൊലീസ് പിടികൂടി.
അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തിയ വാഹനങ്ങളാണ് പിടിയിലായത്. വിവിധ കേസിൽ 3,153 പേർക്ക് പിഴ ചുമത്തിയതായി ദുബായ് പൊലീസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആഘോഷ സമയങ്ങളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പൊലീസ് നേരത്തെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഒരു വിഭാഗം ആളുകൾ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വാഹനങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെ ശക്തമായ നടപടികളിലേക്ക് കടന്നത്.
ആഘോഷപരിപാടികളിൽ രക്ഷിതാക്കൾ കുട്ടികളെ നിരീക്ഷിക്കണം. നിരീക്ഷണമില്ലാതെ കുട്ടികളെ തെരുവുകളിൽ വിടുന്നതും വാഹനങ്ങൾക്കും കാൽനടക്കാർക്കും നേരെ സ്പ്രെ അടിക്കുന്നതുൾപ്പെടെയുള്ള സ്വഭാവ രീതികൾ അപകടകരവും എമിറേറ്റിന്‍റെ പരിഷ്കൃത മുഖത്തെ മോശമാക്കുന്നതുമാണെന്നും പൊലീസ് ഓർമിപ്പിച്ചു.