ഷാർജ: ഈ വർഷം ആദ്യ പകുതിയിൽ റോഡപകടങ്ങളും മരണവും കുറഞ്ഞതായി ഷാർജ പൊലീസ്. ട്രാഫിക് ആൻഡ് പട്രോൾ ഡിപാർട്മെന്‍റ് പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം വ്യക്തമാവുന്നതെന്ന് ഷാർജ പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മരണ നിരക്കിൽ 15 ശതമാനം കുറവുണ്ടായതായും അപകടങ്ങളിൽ 9 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതോറിറ്റി നടത്തുന്ന ശക്തമായ ഗതാഗത ബോധവത്കരണമാണ് ഈ പുരോഗതിക്ക് കാരണം. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഡ്രൈവർമാർക്കും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവർക്കും ഒരു പോലെ ഉത്തരവാദിത്തം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കാംപയിനുകളെന്നും ഷാർജ പൊലിസിലെ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് മേധാവി ലഫ്.കേണൽ മുഹമ്മദ് അലയ് അൽ നഖ്ബി പറഞ്ഞു.
ഡ്രൈവർമാരോടും റോഡ് ഉപയോക്താക്കളോടും ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കാനും വേഗപരിധി ശ്രദ്ധിക്കാനും വാഹനമോടിക്കുമ്പോൾ ഏകാഗ്രത തെറ്റിപ്പോകാതിരിക്കാനും അപ്രതീക്ഷിത റോഡ് അവസ്ഥകളിൽ ജാഗ്രത പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.