
ഫ്രാൻസിസ് പാപ്പയുടെ യുഎഇ സന്ദർശനം: അഞ്ഞൂറിലധികം ചിത്രങ്ങൾ നിധി പോലെ സൂക്ഷിച്ച് ഫോട്ടോ ജേർണലിസ്റ്റ് കമാൽ കാസിം
ദുബായ്: മുപ്പത് വർഷത്തെ തന്‍റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്രയും ആവേശവും ഭക്തിയും ആത്മീയതയും ഇഴ ചേർന്നൊരു പരിപാടി കവർ ചെയ്തിട്ടില്ലെന്ന് യുഎഇയിലെ പ്രമുഖ ഫോട്ടോഗ്രാഫറും 'ഗൾഫ് ടുഡേ' ഇംഗ്ലീഷ് പത്രത്തിലെ ഫോട്ടോ ജേർണലിസ്റ്റുമായ കമാൽ കാസിം. 2019 ഫെബ്രുവരി മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം കവർ ചെയ്യാൻ അബുദാബിയിൽ പോയ അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടിനിടെ യുഎഇ യിൽ നടന്ന എത്രയോ അന്തർദേശിയ പരിപാടികൾ കവർ ചെയ്തിട്ടുണ്ട്.
ഏറ്റവും ആവേശം തോന്നിയിട്ടുള്ളത് സ്പോർട്സ് ഇവന്‍റുകൾ കവർ ചെയ്യുമ്പോഴായിരുന്നു.' എല്ലാ കായിക പരിപാടികളെയും അതിലംഘിക്കുന്ന ആവേശമാണ് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്.രാവിലെ 6 മണി മുതൽ തന്നെ ആയിരക്കണക്കിന് ആളുകൾ ഭക്തിയോടെ ഒരു ബഹളവും ഇല്ലാതെ ഒരുമിക്കുന്നത് തന്നെ ഒരു അത്ഭുതമായിരുന്നു.'
കമാൽ കാസിം ഓർമിക്കുന്നു. പാപ്പാ മൊബീലിൽ എത്തിയ ഫ്രാൻസിസ് പാപ്പ മൂന്ന് വട്ടം സ്റ്റേഡിയം വലം വച്ചു. ഓരോ തവണയും തന്‍റെ മുന്നിലൂടെ അദ്ദേഹം കടന്നുപോകുമ്പോൾ, ഇടതടവില്ലാതെ ക്യാമറ മിഴി ചിമ്മിയപ്പോൾ അനുഭവിച്ചത് എന്തെന്നില്ലാത്ത ആത്മ സംതൃപ്തിയാണെന്നും അദ്ദേഹം പറയുന്നു. മറ്റ് മാധ്യമങ്ങളിൽ നിന്നെത്തിയ ഫോട്ടോ ഗ്രാഫർമാർ പങ്കുവെച്ചതും ഇതേ വികാരം തന്നെ.
കമാൽ കാസിം
പിറ്റേ ദിവസം താൻ എടുത്ത 12 ഫോട്ടോകൾ ഉൾപ്പെടുത്തി 3 പേജ് നിറയെ പേപ്പൽ വാർത്തകളാണ് 'ഗൾഫ് ടുഡേ' നൽകിയത്. പത്രത്തിൽ വന്നത് 12 എണ്ണം മാത്രമെങ്കിലും അഞ്ഞൂറിലേറെ പേപ്പൽ ചിത്രങ്ങൾ തന്‍റെ സ്വകാര്യ ശേഖരത്തിലും അതിലുമെത്രയോ എണ്ണം ഒരിക്കലും മങ്ങാത്ത മിഴിവോടെ തന്‍റെ ഹൃദയത്തിലും സൂക്ഷിച്ചിട്ടുണ്ടെന്ന് കമാൽ കാസിം പറയുന്നു.
ഫോട്ടോഗ്രഫിയിൽ 15 അന്താരാഷ്ട്ര അവാർഡുകളടക്കം 44ഓളം അവാർഡുകൾ ഇതുവരെ കമാലിനെ തേടിയെത്തിയിട്ടുണ്ട്. തുടർച്ചയായി ഏഴ് തവണ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഫോട്ടോഗ്രാഫി അവാർഡും നാല് തവണ ഗ്ലോബൽ വില്ലേജ് അവാർഡും കമാൽ നേടിയിട്ടുണ്ട്.
യുഎഇയിൽ തന്നെ ഫോട്ടോഗ്രാഫിയിൽ ഏറവും കൂടുതൽ അവാർഡുകൾ നേടിയ ഫോട്ടോ ജേർണലിസ്റ്റുകളിൽ ഒരാളാണ് തൃശൂർ സ്വദേശിയായ കമാൽ കാസിം. 'ദി ജേർണി ഓഫ് റീകാൾഡ്' എന്ന സംഗീത ആൽബത്തിലെ അഭിനയത്തിന് മികച്ച നടനുള്ള മലബാർ സുഹൃദ വേദിയുടെ അന്താരാഷ്ട്ര പുരസ്കാരവും കമാൽ കാസിമിന് ലഭിച്ചിട്ടുണ്ട്.