

മഴയിൽ ഒഴുകിപ്പോയ വാഹന നമ്പർപ്ലേറ്റുകൾ ശേഖരിച്ച പ്രവാസി മലയാളിക്ക് പ്രശംസ
ദുബായ്: യുഎഇ യിൽ ഉണ്ടായ കനത്ത മഴയിൽ ഒഴുകിപ്പോയ മുന്നൂറോളം വാഹന നമ്പർപ്ലേറ്റുകൾ ശേഖരിച്ച് ദുബായ്, ഷാർജ പൊലീസിനു കൈമാറിയ പ്രവാസി മലയാളിയുടെ സദ് പ്രവർത്തിക്ക് വ്യാപക പ്രശംസ. വാട്ടർടാങ്ക് ക്ലിനിങ് ബിസിനസ് നടത്തുന്ന കോഴിക്കോട് അത്തോളി പറമ്പത്ത് സനീഹ് ഹസൻ ആണ് അഞ്ചും ആറും മണിക്കൂർ വെള്ളത്തിലൂടെ നടന്ന് ഇത്രയേറെ നമ്പർ പ്ലേറ്റുകൾ ശേഖരിച്ചത്.
നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽഅതു വീണ്ടും എടുക്കാനുള്ള ബുദ്ധിമുട്ട് അറിയാവുന്നതുകൊണ്ടാണിതു ചെയ്തതെന്നു സനീഹ് പറയുന്നു. മകൾ ഹെസ്സ എയ്മലും ഉപ്പയ്ക്കൊപ്പമിറങ്ങി നമ്പർ പ്ലേറ്റ് ശേഖരിച്ചു. ഷാർജ മുവൈലയിൽ താമസിക്കുന്ന അദ്ദേഹം ഇവിടെ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാനും വാഹനങ്ങൾ തള്ളിനീക്കാനും എത്തിയപ്പോഴാണു നമ്പർപ്ലേറ്റുകൾ ഒഴുകിപ്പോയതു ശ്രദ്ധയിൽപെട്ടത്.
ദുബായ് പൊലീസിന്‍റെ പോസിറ്റിവ് സ്പിരിറ്റ് ടീം അംഗം കൂടിയായ സനീഹ് ഇവിടത്തെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിലാണു നമ്പർപ്ലേറ്റുകൾ ഏൽപിച്ചിരിക്കുന്നത്. നഷ്ടപ്പെട്ടവർക്ക് ദുബായ് പൊലീസ് ആപ്പ് വഴിയും ഇവ പരിശോധിച്ച് വീണ്ടെടുക്കാവുന്നതാണ്. ദുബായിൽ കിട്ടാത്തവരുടേത് ഷാർജ പൊലീസിലും പരിശോധിക്കാവുന്നതാണെന്ന് സനീഹ് പറയുന്നു.