
13 വർഷത്തെ ദുരിത ജീവിതത്തിന് വിരാമം; ഒടുവിൽ അഷ്‌റഫും കുടുംബവും നാടണഞ്ഞു
മനാമ: ഒരു വിദേശ രാജ്യത്ത് കുടുംബത്തിന്‍റെ അതിജീവനത്തിന് വേണ്ടി അഷ്‌റഫ് പൊരുതിയത് നീണ്ട 13 വർഷങ്ങൾ. വിസാ കാലാവധി കഴിഞ്ഞ് തുടരുന്നതിന്‍റെ നിയമ പ്രശ്നങ്ങൾ, മക്കൾക്ക് വിദ്യാഭ്യാസം നൽകാൻ സാധിക്കാതെ വരുന്നതിന്‍റെ വേദന, ബഹ്‌റൈനിൽ ജനിച്ചിട്ടും സ്വത്വം നഷ്ടപ്പെട്ട് ജീവിക്കുന്ന ഇളയ മകൾ, എല്ലാം ഉള്ളിലൊതുക്കി ഭാര്യക്കും മക്കൾക്കും ധൈര്യവും പ്രതീക്ഷയും പകർന്ന് മുന്നോട്ട് പോകുമ്പോൾ അപ്രതീക്ഷിതമായി വൃക്ക രോഗത്തിന്‍റെ 'ആക്രമണം'. ഒരു കുടുംബനാഥൻ തളരാൻ ഇതിൽ കൂടുതൽ എന്ത് വേണം?
തിരിച്ചടികളെ മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാക്കി മാറ്റിയാണ് ജീവിതം കൊണ്ട് അഷ്‌റഫ് ഇതിനുള്ള മറുപടി നൽകിയത്. ബഹ്‌റൈൻ പ്രവാസി ലീഗൽ സെല്ലിന്‍റെ നിസ്വാർത്ഥരായ പ്രവർത്തകരുടെ ഇടപെടലും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെയും മനുഷ്യ സ്നേഹികളുടെയും പിന്തുണയും കൂടിയായപ്പോൾ അഷ്റഫും കുടുംബവും ആശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ജന്മതീരമണഞ്ഞു.
വന്നത് വലിയ പ്രതീക്ഷകളോടെ വിധി കരുതിവെച്ചത് ദുരിതങ്ങൾ
ശരാശരി പ്രവാസിയെപ്പോലെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം എന്ന മോഹവുമായി തന്നെയാണ് അഷ്‌റഫ് ബഹ്‌റൈനിലെത്തിയത്. അവിചാരിതമായ സാഹചര്യങ്ങളിൽ പെട്ട് അഷ്റഫിന് വിസ പുതുക്കാൻ സാധിച്ചില്ല. അതോടെ അദ്ദേഹത്തിന്‍റെ സ്പോൺസർഷിപ്പിലായിരുന്ന ഭാര്യയുടെയും മക്കളുടെയും താമസം നിയമവിരുദ്ധമായി. മൂത്ത മകളുടെ വിസയുടെ കാലാവധി 2012-ലും ഭാര്യയുടെ വിസയുടെ കാലാവധി 2013 ലും പിന്നിട്ടു.
ബഹ്‌റിനിൽ ജനിച്ച ഇളയ മകൾ അറഫ ഫാത്തിമയുടെ അവസ്ഥ ഇതിലും മോശമായിരുന്നു. അറഫയുടെ ജനനം എവിടെയും രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ പാസ്പോർട്ടോ നിയമപരമായോ എന്തെങ്കിലും രേഖകളോ അവൾക്കുണ്ടായിരുന്നില്ല. പൂർണമായും സ്വത്വം നഷ്ടപ്പെട്ട അവസ്ഥ. ജോലി ചെയ്യാൻ സാധിക്കില്ല,സ്കൂളിൽ പോകാനാവില്ല,എന്തിന് രോഗം വന്നാൽ ഒരു ക്ലിനിക്കിൽ പോലും ചികിത്സ തേടാൻ പറ്റാത്ത ദുരവസ്ഥ.എന്നിട്ടും അവർ പൊരുതികൊണ്ടിരുന്നു.
വലിയ തിരിച്ചടിയും പ്രതീക്ഷയുടെ വെളിച്ചവും
അതിജീവനത്തിന്‍റെ സമാനതകളില്ലാത്ത പോരാട്ടത്തിനിടയിലാണ് വൃക്ക രോഗം അഷ്‌റഫിനെ പിടികൂടിയത്. അതിജീവനത്തേക്കാൾ ജീവനം പ്രധാനമായി.ഡയാലിസിസ് അനിവാര്യം എന്ന സ്ഥിതി. വരുമാനമോ തിരിച്ചറിയൽ കാർഡോ ഔദ്യോഗിക രേഖകളോ ഇല്ലാത്ത ഒരാൾക്ക് എങ്ങനെ ചികിത്സ ലഭിക്കും എന്നതായിരുന്നു വെല്ലുവിളി. ഈ ഘട്ടത്തിലാണ് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്‍റെ പ്രസിഡന്‍റും ഗ്ലോബൽ പി ആർ ഒ യുമായ സുധീർ തിരുനിലത്ത് കുടുംബത്തിന്‍റെ അവസ്ഥയെക്കുറിച്ച് അറിഞ്ഞത്.
ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജ് ,രാജി ഉണ്ണികൃഷ്ണൻ പിഎൽസി ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ എന്നിവരുമായി ഏകോപിപ്പിച്ച് അഷ്റഫിന്‍റെയും കുടുംബത്തിന്‍റെയും വിഷയം ഒരു ദൗത്യമായി സുധീർ ഏറ്റെടുത്തു. അഷ്‌റഫിന്‍റെ ജീവൻ രക്ഷിക്കുക എന്നതിനായിരുന്നു മുൻഗണന. അദ്ദേഹത്തെ ഉടൻ തന്നെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയനടത്തി. തുടർന്ന് കിംസ് ഹെൽത്തിന്‍റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ പിന്തുണയോടെ ഡയാലിസിസ് ആരംഭിച്ചു. നാമമാത്രമായ ചെലവിൽ ഡയാലിസിസ് സെഷനുകൾ പൂർത്തീകരിച്ചു. ആശുപത്രി ചെലവുകൾ, മരുന്ന്, ഭക്ഷണം, വാടക എന്നിവ മുതൽ വിവാഹ സർട്ടിഫിക്കറ്റ്, അറ്റസ്റ്റേഷൻ, തുടങ്ങിയ രേഖകൾ ക്രമീകരിക്കുന്നതു വരെയുള്ള എല്ലാം കാര്യങ്ങളും പിഎൽസി നിർവഹിച്ചു. ബഹ്‌റൈനിൽ ജനിച്ചെങ്കിലും നിയമപരമായി ജനനം രജിസ്റ്റർ ചെയ്യാത്ത അറഫയുടെ കാര്യത്തിൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അഡ്വ. താരിഖ് അലോൺ വഴി കേസ് ഫയൽ ചെയ്തു. അറഫയുടെ ജനനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടു.
ആശുപത്രിയിലെ കുടിശിക ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ എം പിയായ ഹസ്സൻ ഈദ് ബുഖാമാസ് വലിയ പിന്തുണ നൽകി. അഷ്‌റഫിനും ഭാര്യക്കും രണ്ട് മക്കൾക്കും ഔട്ട്‌പാസുകൾ ലഭിച്ചു. അവസാനത്തെ തടസ്സം വിസാ കാലാവധി കഴിഞ്ഞതിന് ശേഷം തങ്ങിയതിനുള്ള പിഴയായിരുന്നു. പിഎൽസി സംഘം ബഹ്‌റൈനിലെ ഇമിഗ്രേഷൻ അധികാരികളെ ഇക്കാര്യം ധരിപ്പിക്കുകയും അവർ കുടുംബത്തിന്‍റെ താമസം നിയമവിധേയമാക്കാൻ സഹായിക്കുകയും ചെയ്തു. നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ വിനോദ് കെ. ജേക്കബ്,രവി ജെയിൻ, രവി സിംഗ് എന്നിവരുടെ ശ്രമഫലമായി എയർ ഇന്ത്യ വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ടിക്കറ്റുകൾ ക്രമീകരിച്ചു. ഐസിഎഫ്, സൽമാനിയ ആശുപത്രിയിലെ നഴ്‌സുമാർ, ഷബീർ മാഹി, ലക്ഷ്മൺ, ഫൈസൽ പട്ടാണ്ടി, പ്രസന്ന വർധൻ, ഗംഗാധർ റാവു, സാബു ചിറമ്മൽ തുടങ്ങി നിരവധി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനം വഴിയാണ് ഒരു വ്യാഴ വട്ടത്തിലേറെ നീണ്ട ദുരിത ജീവിതം അവസാനിപ്പിച്ച് ജന്മ നാടിൻറെ സാന്ത്വനത്തിലേക്ക് മടങ്ങാൻ അഷ്‌റഫിനും കുടുംബത്തിനും സാധിച്ചത്.