
പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രവാസി സംഗമം 28ന്
തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ നിയമപരമായി ശാക്തീകരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്‍റെ 'പ്രവാസി സംഗമം- 2025' ജൂണ്‍ 28ന് തിരുവനന്തപുരത്ത് നടത്തും.
ഉച്ചയ്ക്കുശേഷം 1 മുതല്‍ 6 വരെ തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള വൈഎംസിഎ, കെ.സി. ഈപ്പന്‍ ഹാളിലാണ് സംഗമം. പരിപാടി തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ്‌സ് മേജര്‍ ശശാങ്ക് ത്രിപാഠി ഉദ്ഘാടനം ചെയ്യും. പിഎല്‍സി കേരള ചാപ്റ്റര്‍ ചെയര്‍മാനും മുന്‍ ജില്ലാ ജഡ്ജിയുമായ പി മോഹനദാസ് അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം സബ് ജഡ്‌ജിയും ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എസ്. ഷംനാദ് മുഖ്യപ്രഭാഷണം നിർവഹിക്കും. ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍റ് ഡവലപ്‌മെന്‍റ് ചെയര്‍മാന്‍ പ്രൊഫ. എസ് ഇരുദയ രാജന്‍, നോര്‍ക്ക റൂട്‌സ് ജനറൽ മാനേജർ രശ്മി പി, പ്രവാസി ക്ഷേമ ബോർഡ് ഫിനാൻസ് മാനേജർ ജയകുമാർ T, എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
സുപ്രീം കോടതി അഭിഭാഷകനും പിഎല്‍സി ഗ്ലോബല്‍ പ്രസിഡന്‍റുമായ അഡ്വ. ജോസ് എബ്രഹാം പ്രവാസി ലീഗൽ സെല്ലിന്‍റെ ലക്ഷ്യവും ദൗത്യവും വിശദീകരിക്കും. സാമൂഹിക പ്രവര്‍ത്തക ഷീബ രാമചന്ദ്രന്‍, സംസ്ഥാന ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ ജന. സെക്രട്ടറി ജോയ് കൈതാരത്ത്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എംഎസ് ഫൈസല്‍ ഖാന്‍ എന്നിവര്‍ പ്രസംഗിക്കും.
പിഎൽസി രൂപീകരിച്ച 2009 മുതൽ 2025 വരെയുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ലഘുലേഖയുടെ പ്രകാശനം, പി എൽ സി സൗദി ചാപ്റ്ററിന്‍റെ ഔപചാരികമായ ഉദ്ഘാടനം എന്നിവയും ചടങ്ങിന്‍റെ ഭാഗമായി നടക്കും.
നിയമ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പാനൽ ചർച്ചയിലും ഓപ്പൺ ഫോറത്തിലും പ്രവാസി മലയാളികള്‍ നേരിടുന്ന വെല്ലുവിളികളും നിയമ പരിഹാരങ്ങളും, കോവിഡ് കാലത്ത് ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ പരാതികള്‍, വിദേശത്ത് സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ തടസ്സങ്ങളും നിയമപരമായ പരിഹാരങ്ങളും എന്നിവയും ചർച്ച ചെയ്യും. ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം മോഡറേറ്ററായിരിക്കും.
പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ, ട്രഷറർ തൽഹത് പൂവച്ചൽ, ഭരണസമിതി അംഗങ്ങളായ നിയാസ് പൂജപ്പുര, അനിൽ കുമാർ, നന്ദഗോപകുമാർ, ബെന്നി പെരികിലാത്, ജിഹാന്ഗിർ, ശ്രീകുമാർ, ബഷീർ ചേർത്തല തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.