
ദുബായിൽ പ്രീമിയം പാർക്കിങ് നിരക്ക് അടുത്ത മാസം മുതൽ ഈടാക്കിത്തുടങ്ങും
ദുബായ്: ദുബായിൽ അടുത്ത മാസം മുതൽ പ്രീമിയം പാർക്കിങ്ങ് നിരക്ക് ഈടാക്കിത്തുടങ്ങുമെന്ന് 'പാർക്കിൻ'കമ്പനി അറിയിച്ചു.ഇതിന്റെ ഭാഗമായി പാർക്കിങ്ങ് സോണുകളിൽ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങി. പാര്‍ക്കിങ് സോണുകളില്‍ പ്രീമിയർ എന്ന് സൂചിപ്പിക്കുന്ന പി കൂടി ചേർത്താണ് പുതിയ ബോര്‍ഡുകൾ സ്ഥാപിക്കുന്നത്. ദുബായിലെ എ മുതല്‍ ഡി വരെയുള്ള പാര്‍ക്കിങ് സോണുകളുടെ പേരിനായിരിക്കും ഈ മാറ്റം. പാര്‍ക്കിങ് സോണ്‍ എ എന്നത് ഇനി മുതല്‍ എപി എന്നായി മാറും. ബി,സി, ഡി എന്നീ സോണുകൾക്കും സമാനമായ മാറ്റം ഉണ്ടാകും. പി എന്ന് ചേര്‍ക്കുന്ന സോണുകളിൽ രണ്ടുതരം പാര്‍ക്കിങ് ഫീസ് ഈടാക്കും.
രാവിലെ 8 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 8 വരെയും ഉയര്‍ന്ന പാര്‍ക്കിങ് ഫീസ് നല്‍കണം. പീക്ക് അവറില്‍ മണിക്കൂറിന് 6 ദിര്‍ഹമാണ് നിരക്ക്. അല്ലാത്ത സമയങ്ങളില്‍ സോണിന് അനുസരിച്ച് നിലവിലുള്ള നിരക്കാണ് ഈടാക്കുക. കോഡ് മാറിയെങ്കിലും നിരക്കില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് പാര്‍ക്കിന്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ദുബായ് ജുമൈറ ലേക്ക്‌സ് ടവേഴ്‌സിലെ ഇ, ഐ, ജെ, കെ, എല്‍ സോണുകളും നോളജ് വില്ലേജ്, ദുബായ് മീഡിയ സിറ്റി, ഇന്റര്‍നെറ്റ് സിറ്റി എന്നിവിടങ്ങളിലെ എഫ് സോണും ബുര്‍ജ് ഖലീഫ, മറാസി ബേ, ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി, ദുബായ് ഹില്‍സ് എന്നിവിടങ്ങളിലെ ജി സോണും ദുബായ് സിലിക്കണ്‍ ഒയാസിസിലെ എച്ച് സോണും വേള്‍ഡ് ട്രേഡ് സെന്ററിലെ എക്‌സ് സോണും സൂപ്പര്‍ പ്രീമിയം സോണുകളായിരിക്കും. ഇവിടെ ഇവന്റുകള്‍ നടക്കുമ്പോള്‍ മണിക്കുറിന് 25 ദിര്‍ഹം നിരക്ക് നല്‍കണം.
സോണ്‍ ബിയിലും ഡിയിലും ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യാന്‍ താരിഫും പുതുക്കി. സോണ്‍ ബിയില്‍ 40 ദിര്‍ഹവും ഡി യില്‍ 30 ദിര്‍ഹവുമാണ് ദിവസം മുഴുവന്‍ വാഹനം പാർക്ക് ചെയ്യാനുള്ള നിരക്ക്. നേരത്തെ ഡിയില്‍ ഒരു ദിവസം പാര്‍ക്ക് ചെയ്യാന്‍ 10 ദിര്‍ഹം നല്‍കിയാല്‍ മതിയായിരുന്നു.