യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങൾക്കായി ഒരുക്കം തുടങ്ങി: കുടുംബ വർഷം പ്രമേയമായി വിവിധ പരിപാടികൾ

കുടുംബങ്ങളുടെ കുടുംബം എന്ന സന്ദേശത്തിലാണ് പരിപാടികൾ
Preparations have begun for the UAE's 55th National Day celebrations

യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങൾക്കായി ഒരുക്കം തുടങ്ങി: കുടുംബ വർഷം പ്രമേയമായി വിവിധ പരിപാടികൾ

Updated on: 

ദുബായ്: യുഎഇയുടെ 55-ാമത് ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്ക് രാജ്യത്തുടനീളം ഒരുക്കം തുടങ്ങി. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2026 കുടുംബവർഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കുടുംബബന്ധങ്ങൾക്കും കൂട്ടായ്മയ്ക്കും ഇത്തവണത്തെ ആഘോഷങ്ങളിൽ പ്രത്യേക പ്രാധാന്യമുണ്ട്.

കുടുംബങ്ങളുടെ കുടുംബം എന്ന സന്ദേശത്തിലാണ് പരിപാടികൾ. യുഎഇ വ്യോമസേനയുടെ അക്രോബാറ്റിക്സ് സംഘമായ ഫുർസാൻ അൽ ഇത്തിഹാദ് 29-ന് ദുബായ് കൈറ്റ് ബീച്ചിൽ വ്യോമാഭ്യാസം നടത്തും. ഏഴ് വ്യോമസേനാ വിമാനങ്ങൾ അണിനിരക്കുന്ന പ്രദർശനത്തിൽ ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കും.

ഡിസംബർ 2, 3 തീയതികളിൽ ദുബായ് ഗ്ലോബൽ വില്ലേജിലും ഡ്രോൺ ഷോ അരങ്ങേറും. രാത്രി എട്ടിനാണ് പ്രദർശനം. ഇമാറാത്തി പാരമ്പര്യ കലാപരിപാടികൾക്കും ഷോപ്പിങ്ങിനും ഗ്ലോബൽ വില്ലേജിൽ അവസരമുണ്ടാകും. ആഗോളഗ്രാമത്തിൽ നവംബർ 21 മുതൽ വെടിക്കെട്ടും പുനരാരംഭിക്കും.

അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഡിസംബർ 1 മുതൽ 3 വരെ എ സ്റ്റോറി ഓഫ് 55 എന്ന പ്രമേയത്തിൽ ആഘോഷങ്ങൾ നടക്കും. ദിവസവും രാത്രി പത്തിന് 5 മിനിറ്റ് നീളുന്ന വെടിക്കെട്ടുണ്ടാകും. എമിറേറ്റ്സ് ഫൗണ്ടന് ചുറ്റും വൈകിട്ട് അഞ്ചിനും രാത്രി 7.30-നും യൂണിയൻ കാരവൻ പരേഡും അരങ്ങേറും.

ഷാർജ എമിറേറ്റിൽ വിവിധ മേഖലകളിലായി 15 ദിവസം നീളുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ മൂന്നുവരെ പരിപാടികൾ തുടരും. ഷാർജ നഗരത്തിലെ എമിറാത്തി ഫാമിലി വില്ലേജ്, യൂണിയൻ ട്രീ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. അൽ സുയോഹ്, അൽ നൗഫ്, ഷാർജ നാഷനൽ പാർക്ക്, അൽ ലയ്യ കനാൽ, അൽ ഹംരിയ ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിലും ആഘോഷങ്ങളുണ്ടാകും. അൽ മദാമിൽ ഇന്നും നാളെയും, മലീഹയിലും അൽ ബത്താഹിലും 26, 27 തീയതികളിലും പരിപാടികൾ നടക്കും. അൽ ദൈദിൽ 28-നാണ് ആഘോഷം.