

പ്രധാനമായും എമിറേറ്റ്സ് റോഡ് ഉൾപ്പെടെയുള്ള സുപ്രധാന പാതകളിലാണ് പുതിയ ലെയ്നുകൾ കൂട്ടിച്ചേർത്തത്.
ദുബായ്: ദുബായിലെ പ്രധാന റോഡുകളിൽ അധിക ലെയ്നുകൾ നിർമിച്ച് വികസന പ്രവൃത്തികൾ പൂർത്തിയാക്കിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. പ്രധാനമായും എമിറേറ്റ്സ് റോഡ് ഉൾപ്പെടെയുള്ള സുപ്രധാന പാതകളിലാണ് പുതിയ ലെയ്നുകൾ കൂട്ടിച്ചേർത്തത്.
വികസനം പൂർത്തിയായതോടെ പീക്ക് അവറുകളിൽ നേരിട്ടിരുന്ന കടുത്ത ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുകയും വാഹന യാത്രക്കാരുടെ യാത്രാസമയത്തിൽ ഏകദേശം 25 ശതമാനം വരെ ലാഭിക്കാൻ സാധിക്കുകയും ചെയ്യുമെന്ന് ആർടിഎ വ്യക്തമാക്കി.
ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ആർടിഎയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. പാലത്തിലെ ലെയ്നുകളുടെ എണ്ണം മൂന്നിൽ നിന്ന് നാലായി ഉയർത്തി. ഇതോടെ മണിക്കൂറിൽ 4200 വാഹനങ്ങൾ കടന്നുപോയിരുന്ന സ്ഥാനത്ത് 5600 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സൗകര്യമൊരുങ്ങി. ഇതോടെ ഗതാഗത ശേഷിയിൽ 33 ശതമാനത്തിന്‍റെ വർധനവുണ്ടായി.
എയർപോർട്ട് സ്ട്രീറ്റിൽ ഗതാഗത തടസങ്ങളോ വഴിതിരിച്ചുവിടലുകളോ ഉണ്ടാക്കാതെയാണ് നിർമാണം പൂർത്തിയാക്കിയത്. സ്റ്റീൽ ബോക്സ് ഗർഡറുകളും കോൺക്രീറ്റും സമന്വയിപ്പിച്ച നൂതന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.