

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ മലയാളികൾക്ക് അഭിമാന നേട്ടം.
ദുബായ്: പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 2026-ലെ ടോപ്പ് ഹെൽത്ത്കെയർ ലീഡേഴ്സ് പട്ടികയിൽ മികച്ച നേട്ടം കൈവരിച്ച് മലയാളി സംരംഭകരും എക്സിക്യൂട്ടിവുകളും. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഫൗണ്ടർ ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ ഡോ. ആസാദ് മൂപ്പനും, ബുർജീൽ ഹോൾഡിങ്സ് ഫൗണ്ടറും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിലുമാണ് ഈ അഭിമാന പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം കണ്ടെത്തിയ മലയാളികൾ.
ആരോഗ്യമേഖലയിലെ വളർച്ച, നിക്ഷേപം, നവീകരണം, വിപുലീകരണം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് ഫൗണ്ടർ, എക്സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായി റാങ്കിങ് പ്രഖ്യാപിച്ചത്. സ്ഥാപകരുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്താണ് ഡോ. ആസാദ് മൂപ്പൻ. 1987-ൽ ദുബായിൽ ഒരു ചെറിയ ക്ലിനിക്കായി തുടങ്ങിയ ആസ്റ്റർ ഗ്രൂപ്പിൽ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി ഇപ്പോൾ 1,025 സ്ഥാപനങ്ങളുണ്ട്. ആസ്റ്ററിൽ 65,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു. ജിസിസിയിൽ 16 ആശുപത്രികളും 128 ക്ലിനിക്കുകളും 360 ഫാർമസികളും ആസ്റ്ററിന് കീഴിലുണ്ട്.
പട്ടികയിൽ നാലാം സ്ഥാനത്താണ് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനായ ഡോ. ഷംഷീർ വയലിൽ. 2007-ൽ അബുദാബിയിൽ ബുർജീൽ ഹോൾഡിങ്സ് സ്ഥാപിച്ച അദ്ദേഹം ചെയർമാൻ പദവിക്ക് പുറമെ കഴിഞ്ഞ വർഷം ഡിസംബറിൽ സിഇഒ പദവിയും ഏറ്റെടുത്തിരുന്നു. യുഎഇയിലും സൗദി അറേബ്യയിലുമായി നൂറോളം ആസ്തികളുള്ള ശൃംഖലയിൽ 20 ആശുപത്രികളാണുള്ളത്. പതിനാലായിരത്തിലധികം പേർ ജോലി ചെയ്യുന്ന ബുർജീൽ ഹോൾഡിങ്‌സ് പ്രതിവർഷം ഏഴു ദശലക്ഷത്തിലധികം രോഗികൾക്കാണ് സേവനം നൽകുന്നത്.
ഫൗണ്ടർമാരുടെ പട്ടികയിൽ മറ്റ് മുൻനിര മലയാളി സംരംഭകരും സജീവ സാന്നിധ്യമായുണ്ട്. അബീർ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും പ്രസിഡന്‍റുമായ മുഹമ്മദ് ആലുങ്ങൽ പട്ടികയിൽ 40-ാം സ്ഥാനത്താണ്.
33 ഹോൾഡിങ്സ് ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ മുഹമ്മദ് മിയാൻദാദ് വി.പി 42-ാം സ്ഥാനത്തുണ്ട്. ഡോ. സണ്ണി ഹെൽത്ത് കെയർ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ ഡോ. സണ്ണി കുര്യനാണ് 43-ാം സ്ഥാനത്ത്.
ഫോബ്സ് മിഡിൽ ഈസ്റ്റിന്‍റെ പ്രത്യേക ഹെൽത്ത്കെയർ എക്സിക്യൂട്ടീവ്സ് പട്ടികയിലും പ്രഗത്ഭ മലയാളി പ്രൊഫഷണലുകൾ ഇടംപിടിച്ചിട്ടുണ്ട്. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സിന്‍റെ യുഎഇ, ഒമാൻ, ബഹ്റൈൻ മേഖലകളിലെ ഗ്രൂപ്പ് സി.ഇ.ഒ ഷെർബാസ് ബിച്ചു 17-ാം സ്ഥാനത്താണ്. മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്‍റേഴ്സ് ഗ്രൂപ്പ് സിഇഒ ഷാനില ലൈജു 64-ാം സ്ഥാനം നേടി.