ഷാർജ രാജ്യാന്തര പുസ്തക മേളയിൽ മലയാളത്തിലെ ബെസ്റ്റ് സെല്ലറായി റാം c/o ആനന്ദി; ഇത് നോവൽ സാഹിത്യത്തിന്‍റെ പുഷ്കല കാലമെന്ന് രവി ഡി.സി.

'റാം c/o ആനന്ദി'യുടെ ആയിരത്തോളം കോപ്പികളാണ് വിറ്റുപോയത്
Ram c/o Anandi as Best Seller in Malayalam at Sharjah International Book Fair;
Ravi D.C. said that this is the heyday of novel literature.
രവി ഡി.സി., അഖിൽ പി. ധർമജൻ
Updated on

ഷാർജ: ഇത്തവണത്തെ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ബെസ്റ്റ് സെല്ലറായി അഖിൽ പി. ധർമജന്‍റെ റാം c/o ആനന്ദി എന്ന നോവൽ. എൻ മോഹനന്‍റെ 'ഒരിക്കൽ ' എന്ന പുസ്തകം വാങ്ങാനും നിരവധി പേരെത്തി. 'റാം c/o ആനന്ദി'യുടെ ആയിരത്തോളം കോപ്പികളാണ് വിറ്റുപോയത്. മലയാള നോവൽ സാഹിത്യത്തിന്‍റെ പുഷ്കല കാലമാണിതെന്ന് ഡിസി ബുക്‌സ് സിഇഒ രവി ഡി.സി. അഭിപ്രായപ്പെട്ടു.

മലയാളത്തിലെ വിവിധ പ്രസാധകരുടേതായി അൻപതിൽ പരം പുതിയ നോവലുകളും ഇരുപത്തിയഞ്ചോളം പുതു കഥാസമാഹാരങ്ങളുമാണ് ഇത്തവണ പുസ്തക മേളയിൽ എത്തിയത്. വാങ്ങേണ്ട പുസ്തകങ്ങളുടെ പേരുകൾ കുറിച്ചെടുത്ത് വന്ന് അവ വാങ്ങുന്ന രീതി ഇത്തവണ കൂടുതലായി കണ്ടുവെന്ന് രവി ഡി.സി. പറഞ്ഞു.

യുഎഇയിലെ മലയാളി വായനക്കാരെ സംബന്ധിച്ച് പുസ്തകങ്ങൾ വാങ്ങുകയും വായിക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്നും അദേഹം പറഞ്ഞു. ജി അരവിന്ദന്‍റെ 250 ദിർഹം വിലയുള്ള 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന പുസ്തകം വാങ്ങാൻ പോലും വായനക്കാരെത്തിയത് നല്ല സൂചനയാണെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പുസ്തകങ്ങൾക്ക് കേരളത്തിലേതിന് സമാനമായ സ്വീകാര്യത ഷാർജയിലും ലഭിക്കുന്നുവെന്നത് ആവേശകരമായ അനുഭവമാണെന്നും രവി ഡി.സി. വ്യക്തമാക്കി.

മേഖലയിലെ അറബിക് മാതൃഭാഷയായിട്ടുള്ള ഒരു വലിയ സമൂഹത്തെ വായനയുടെ തലമുറയാക്കി മാറ്റാൻ സാധിച്ചുവെന്നതാണ് ഷാർജ രാജ്യാന്തര പുസ്തക മേളയുടെ നേട്ടമെന്ന് രവി ഡി.സി. നിരീക്ഷിക്കുന്നു. ഒരു രാജ്യത്തിന്‍റെ ബൗദ്ധിക മൂലധനം വർദ്ധിപ്പിക്കുക എന്ന മഹത്തായ കാര്യമാണ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചെയ്തത് എന്ന് അദേഹം പറഞ്ഞു.

വരും കാലങ്ങളിൽ ഈ രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ സംഭാവനകൾ നൽകാൻ പുസ്തക മേളക്ക് സാധിക്കും. ഈ ദീർഘ വീക്ഷണത്തിന്‍റെ പ്രയോജനം പ്രവാസിക്കുട്ടികൾക്കും ലഭിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. നാട്ടിലുള്ള മലയാളി കുട്ടികൾ മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ വായിക്കുമ്പോൾ യുഎഇയിലുള്ള കുട്ടികൾ ഇംഗ്ലീഷ് പുസ്തകങ്ങളാണ് കൂടുതലായി വായിക്കുന്നത്. രണ്ടും വായന തന്നെയെന്നും രവി ഡി.സി. വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com