
റമദാനിൽ വെള്ളിയാഴ്ചകളിൽ സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് വിദൂര പഠനം തെരഞ്ഞെടുക്കാൻ അവസരം
ദുബായ്: ദുബായിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്ക് റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ വിദൂര പഠനം തെരഞ്ഞെടുക്കാൻ അവസരം. വെള്ളിയാഴ്ചകളിൽ പരീക്ഷകളുള്ള വിദ്യാർഥികളെ ഈ ക്രമീകരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണ് ഈ ക്രമീകരണം.
വിദൂര പഠനം അനുയോജ്യമല്ലാത്ത വിദ്യാർഥികൾക്ക് സ്കൂളുകളിൽ നേരിട്ടെത്താം. എന്നാൽ കുട്ടികളുടെ യാത്രയുടെ ചുമതല മാതാപിതാക്കൾ തന്നെ കൈകാര്യം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ജീവനക്കാർക്ക് ജോലി സമയം ക്രമീകരിക്കാനും വിദൂര ജോലികൾ ചെയ്യാനും ദുബായ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
തിങ്കൾ മുതൽ വ്യാഴം വരെ അഞ്ചര മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരെ ദിവസത്തിൽ മൂന്ന് മണിക്കൂർ സൗകര്യപ്രദമായ രീതിയിൽ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ, സൗകര്യപ്രദമായ ജോലിക്ക് അർഹത നേടുന്നതിന് ജീവനക്കാർ മൂന്ന് മണിക്കൂർ ജോലി ചെയ്യണം.