

റാസൽഖൈമ വാഹനാപകടം; മരണസംഖ്യ 13 ആയി
റാസൽഖൈമയിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയർന്നതെന്ന് റാസൽഖൈമ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ 14 പേർക്ക് പരുക്കുകളേറ്റിട്ടുണ്ട്.
നവംബർ 24ന് പുലർച്ചെ റാസൽഖൈമ അൽ വതൻ റോഡിലാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് 41 യാത്രക്കാരുമായി എത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ 11 പേർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം ആദ്യം അറിയിച്ചിരുന്നു. അപകടവിവരം ലഭിച്ചയുടൻ തന്നെ റാസൽഖൈമ പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗം, പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായും തുടർനടപടികൾക്കായി കേസ് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അപ്രതീക്ഷിത അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത നിയമങ്ങളും വേഗപരിധിയും കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അപകടത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വാർത്തകളോ കിംവദന്തികളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ ആഭ്യന്തര മന്ത്രാലയവും റാസൽഖൈമ പൊലീസും പൊതുജനങ്ങളോട് അഭ്യർഥിച്ചു.