
ദുബായ്: മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിൽ (എം.ബി.ആർ.യു) ഇന്റേൺഷിപ് , റെസിഡൻസി, ഫെലോഷിപ് പരിശീലനം എന്നിവയുൾപ്പെടെയുള്ള ബിരുദ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അറിയിച്ചു.
ഉയർന്ന വൈദഗ്ധ്യമുള്ള സ്പെഷലിസ്റ്റുകളെ സൃഷ്ടിക്കാനും ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ആദ്യമായി പീഡിയാട്രിക് നെഫ്രോളജി, വാസ്കുലർ ന്യൂറോളജി എന്നിവയിൽ ഫെലോഷിപ് നൽകും.
ദുബായ് ഹെൽത്തിൽ ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളുടെ വൈദഗ്ധ്യവും കഴിവുകളും വർധിപ്പിക്കുന്ന അസാധാരണമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ആരോഗ്യ സംരക്ഷണ മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകുന്ന അടുത്ത തലമുറയിലെ നേതാക്കളെ തയാറാക്കാനുള്ള തങ്ങളുടെ സമർപ്പണത്തെ ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നു എന്നും എം.ബി.ആർ.യുവിലെ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ഡീൻ പ്രൊഫ. സുലൈമാൻ അൽ ഇമ്രാൻ അഭിപ്രായപ്പെട്ടു.
നിലവിൽ, സഊദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസ്, അറബ് ബോർഡ് ഓഫ് ഹെൽത്ത് സ്പെഷ്യാലിറ്റീസ് എന്നിവയുടെ അംഗീകാരമുള്ള 20 റെസിഡൻസികൾ, 17 ഫെലോഷിപ്പുകൾ, രണ്ട് ഇന്‍റേൺഷിപ്പുകൾ എന്നിവയുൾപ്പെടെ 39 ബിരുദ മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾ എം.ബി.ആർ.യു വാഗ്ദാനം ചെയ്യുന്നു.
യു.എ.ഇയിൽ നിന്നും വിദേശത്തു നിന്നുമുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.mbru.ac.ae/graduate-medical-education എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. റെസിഡൻസി പ്രോഗ്രാമുകൾക്കുള്ള അപേക്ഷയുടെ അവസാന തീയതി മാർച്ച് 27 ആണ്. ഇന്‍റോൺഷിപ്, ഫെലോഷിപ് പ്രോഗ്രാമുകൾക്കുള്ള അപേക്ഷകൾ മെയ് 15 വരെ അയക്കാം.