

റെസ്വിൻ റഷീദ് തെള്ളിക്കുന്നേൽ
ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരുന്ന മലയാളി യുവാവ് യുഎഇയിലെ ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. യുവാവ് സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടം.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മാറാടി സ്വദേശി റെസ്വിൻ റഷീദ് തെള്ളിക്കുന്നേൽ (24) ആണ് മരിച്ചത്. ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാനായിരുന്നു റെസ്വിൻ. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെസ്വിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ഡിസംബറിൽ കല്യാണം ഉറപ്പിച്ചിരുന്ന റെസ്വിൻ, നവംബർ ആദ്യം ലീവിന് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി ഫുജൈറ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.