
അബുദാബിയിൽ റോഡ് അടച്ചിടലും ഗതാഗത വഴിതിരിച്ചുവിടലും; വിശദാംശങ്ങൾ
അബുദാബി: നഗരത്തിലെ റോഡ് അടിസ്ഥാന സൗകര്യങ്ങളും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായുള്ള റോഡ് അടച്ചിടലും ഗതാഗത വഴിതിരിച്ചുവിടലും സംബന്ധിച്ച വിശദാംശങ്ങൾ ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (എഡി മൊബിലിറ്റി) പ്രഖ്യാപിച്ചു. സാദിയാത്ത് ദ്വീപിലെ ജാക്വസ് ചിറാക് സ്ട്രീറ്റിൽ മാർച്ച് 29 ശനിയാഴ്ച തുടങ്ങിയ മൂന്ന് മാസത്തെ റോഡ് അടച്ചിടൽ ജൂൺ 30 തിങ്കളാഴ്ച അവസാനിക്കും.
വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും വഴിതിരിച്ചുവിടൽ അടയാളങ്ങൾക്കനുസരിച്ച് വാഹനം ഓടിക്കാനും എഡി മൊബിലിറ്റി ആവശ്യപ്പെട്ടു. മാർച്ച് 30 ഞായറാഴ്ച മുതൽ അബുദാബിയിലെ റിയാദ് സിറ്റിയിൽ പുതിയ സിഗ്നൽ ജങ്ഷനുകൾ പ്രവർത്തനം തുടങ്ങി. അൽ ഐനിലെ നഹ്യാൻ ദി ഫസ്റ്റ് സ്ട്രീറ്റിൽ (സാക്കിർ റൗണ്ട്എബൗട്ട്) മറ്റൊരു ഗതാഗത വഴിതിരിച്ചുവിടൽ പ്രഖ്യാപിച്ചു. ഏപ്രിൽ 2 ബുധനാഴ്ച അർദ്ധ രാത്രി 12 ന് തുടങ്ങിയ വഴിതിരിച്ചുവിടൽ ഏപ്രിൽ 13 ഞായറാഴ്ച പുലർച്ചെ 5:00 വരെ നിലവിലുണ്ടാകും.
നഹ്യാൻ ദി ഫസ്റ്റ് സ്ട്രീറ്റിൽ (സാക്കിർ റൗണ്ട്എബൗട്ട്) ഗതാഗത വഴിതിരിച്ചുവിടൽ ബാധകമായ പാതകൾ എടുത്തുകാണിക്കുന്ന ഭൂപടങ്ങളും അതോറിറ്റി പുറത്തുവിട്ടു. ചുവപ്പ് അടയാളമുള്ള പാതകൾ അടക്കുമെന്നും പച്ച അടയാളമുള്ള പാതകൾ പ്രവർത്തനക്ഷമമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കാനും അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും എ ഡി മൊബിലിറ്റി നിർദേശിച്ചു.