

റോഡ് അറ്റകുറ്റപ്പണി: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മൂന്നു ദിവസം പ്രവർത്തിക്കില്ല
ദുബായ്: റോഡ് അറ്റകുറ്റപ്പണികൾ മൂലം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പ്രവർത്തനം മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കും. വെള്ളി മുതൽ 19 ഞായറാഴ്ച വരെയാണ് കോൺസുലേറ്റ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു.
കോൺസുലേറ്റ് സമുച്ചയത്തിന് സമീപമുള്ള റോഡുകളുടെ നവീകരണ ജോലികൾ നടക്കുന്നതിനാലാണ് ഈ താൽക്കാലിക നിയന്ത്രണം. ഈ മൂന്ന് ദിവസങ്ങളിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വഴിയുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമായിരിക്കില്ല.
സേവനങ്ങൾ ജൂലൈ 20 തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ പുനരാരംഭിക്കും. തിങ്കളാഴ്ചത്തെ സേവനങ്ങൾക്കായി അപേക്ഷിക്കാൻ താൽപര്യമുള്ളവർക്ക് ജൂലൈ 19 ഞായറാഴ്ച രാത്രി എട്ട് മണി മുതൽ ഓൺലൈനായി അപ്പോയിന്‍റ്മെന്‍റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നും ജൂലൈ 17-ന് അവിടെ സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.