

ഷാർജ അൽ ഖാസിമി ആശുപത്രിയിൽ കുട്ടികൾക്കായി റോബോട്ടിക് ശസ്ത്രക്രിയ
ഷാർജ: യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഷാർജ അൽ ഖാസിമി വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിൽ കുട്ടികൾക്കായി അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയ സംവിധാനം വിജയകരമായി നടപ്പിലാക്കി. കുട്ടികളിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെയും സുരക്ഷിതമായും പൂർത്തിയാക്കാൻ സഹായിക്കുന്ന 'ഡാവിഞ്ചി' റോബോട്ടിക് സിസ്റ്റം ഉപയോഗിച്ചാണ് ഇവിടെ ശസ്ത്രക്രിയകൾ ആരംഭിച്ചത്.
പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് റോബോട്ടിക് സർജറിയിലൂടെ വളരെ ചെറിയ മുറിവുകളിലൂടെ കൃത്യതയോടെ ഓപ്പറേഷൻ നടത്താൻ സാധിക്കും. ഇത് കുട്ടികളിലെ രക്തസ്രാവം കുറയ്ക്കാനും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന ലഘൂകരിക്കാനും, വളരെ വേഗത്തിൽ സുഖം പ്രാപിച്ച് ആശുപത്രി വിടാനും സഹായിക്കുമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.
റോബോട്ടിക് സർജറി വിഭാഗത്തിൽ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് നിലവിൽ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമായ പീഡിയാട്രിക് സർജറികൾക്ക് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.