
രോഹിത് ശർമ ബ്രാൻഡ് അംബാസിഡറായ ക്രിക്കിങ്‌ഡോമിന്‍റെ ദുബായിലെ ഫ്രാഞ്ചൈസി അക്കാഡമി അടച്ചുപൂട്ടി
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ രോഹിത് ശർമ ബ്രാൻഡ് അംബാസിഡറായ ക്രിക്കിങ്‌ഡോമിന്‍റെ ദുബായിലെ ഫ്രാഞ്ചൈസി സ്ഥാപനമായ ഗ്രാസ്പോർട്ട് ക്രിക്കറ്റ് അക്കാഡമി അടച്ചുപൂട്ടി. ഇതോടെ ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് പരിശീലനത്തിന് വൻ തുക ഫീസ് നൽകിയ കുട്ടികളും വേതനം കിട്ടാതെ വന്ന ജീവനക്കാരും വലിയ പ്രതിസന്ധിയിലായി. 2024 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങിയ ഗ്രാസ്‌പോർട്ട് സ്‌പോർട്‌സ് അക്കാഡമിയാണ് ഒരു വർഷം പോലും പൂർത്തിയാകും മുൻപ് പ്രവർത്തനം അവസാനിപ്പിച്ചത്.
രോഹിത് ശർമ എന്ന ബ്രാൻഡിൽ വിശ്വസിച്ച് മക്കളെ നിലവാരമുള്ള ക്രിക്കറ്റ് കളിക്കാരാക്കി വളർത്താൻ ഉയർന്ന തുക ഫീസ് നൽകിയ മാതാപിതാക്കൾ കടുത്ത നിരാശയിലായി. പരിശീലകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. ദുബായിലെ നാല് സ്‌കൂളുകളിലായാണ് സിഇഒ സുഹാസ് പുഡോട്ട ഗ്രാസ്‌പോർട് അക്കാഡമി തുടങ്ങിയത്.
രോഹിത് ശർമ എന്ന സൂപ്പർ താരത്തെ കേന്ദ്രീകരിച്ചാണ് പ്രമോഷനുകൾ നടത്തിയത്. ഇതിലാണ് തങ്ങൾ ആകൃഷ്ടരായതെന്ന് മാതാപിതാക്കൾ പറയുന്നു.
2025 ന്‍റെ തുടക്കത്തിൽ അക്കാഡമിയുടെ പ്രവർത്തനം താളം തെറ്റാൻ തുടങ്ങി. പലരും വാർഷിക ഫീസ് അടച്ചിട്ടും ക്ലാസുകൾ ക്രമരഹിതമായി മേയ് മാസത്തോടെ അക്കാഡമി അടച്ചുപൂട്ടുകയും ചെയ്തു.
കുട്ടികളുടെ ഫീസ് മടക്കി നൽകുമെന്നും ജീവനക്കാരുടെ ശമ്പള കുടിശിക കൊടുത്തുതീർക്കുമെന്നും ഗ്രാസ് പോർട്ടിന്‍റെയും ക്രിക്കിങ്‌ഡോമിന്‍റെയും ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെങ്കിലും അത് പാലിക്കുന്നില്ലെന്നാണ് മാതാപിതാക്കളും ജീവനക്കാരും പറയുന്നത്.
ശ്രീലങ്കൻ കളിക്കാരിയും പരിശീലകയുമായ ചമാനി സെനെവിരത്നെ, സഹ പരിശീലകൻ ടിറാൻ സന്ദുൻ വിജേസൂര്യ, സെർബിയൻ നൈജീരിയൻ ക്രിക്കറ്റ് ടീമുകൾക്കായി കളിച്ചിട്ടുള്ള അസിസ്റ്റന്‍റ് കോച്ച് അയോ മെനെ എജെഗി തുടങ്ങി ഐസിസി അംഗീകൃത പരിശീലകർ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്.
എന്താണ് സംഭവിച്ചത് ?
2024 ജൂലൈ 30-ന് ക്രിക്കിങ്ഡോമുമായി ഒപ്പുവച്ച ഫ്രാഞ്ചൈസി കരാറിന്‍റെ അടിസ്‌ഥാനത്തിലാണ് ഗ്രാസ്‌പോർട്ട് പ്രവർത്തിച്ചിരുന്നത് എന്ന് ക്രിക്കിങ്ഡോം സിഇഒ ചേതൻ സൂര്യവംശി പറയുന്നു. ആദ്യതവണ നൽകിയ തുകക്കപ്പുറം പ്രതിമാസ ഫീസ് നൽകുന്നതിൽ ഗ്രാസ് പോർട്ട് പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി തവണ കുടിശിക തീർക്കാൻ അവസരം നൽകിയിട്ടും ഫ്രാഞ്ചൈസി തുക നൽകിയില്ലെന്നും ചേതൻ സൂര്യവംശി കുറ്റപ്പെടുത്തി. തുടർന്ന് കുടിശിക തീർക്കുന്നത് വരെ രോഹിത് ശർമയുടെ ചിത്രങ്ങളും ക്രിക്കിൻഡോം എന്ന പേരും ഉപയോഗിക്കുന്നത് നിർത്തണമെന്ന് മാർച്ചിൽ ഗ്രാസ്‌പോർട്ടിനോട് ആവശ്യപ്പെട്ടു. തുടർന്ന് അവരുമായുള്ള കരാർ അവസാനിപ്പിച്ചു.
''ഓഗസ്റ്റ് മുതൽ ജനുവരി വരെ സെഷനുകൾ നന്നായി നടന്നു. ചെലവുകൾ വളരെ കൂടുതലായിരുന്നു. പ്രതിമാസം 50,000 ദിർഹം വാടകയിനത്തിൽ മാത്രം നൽകേണ്ടി വന്നു. കൃത്യമായ ഒരു ദീർഘ കാല പദ്ധതി ഉണ്ടായിരുന്നില്ല.ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഗ്രാസ് പോർട്ട് സിഇഒ സുഹാസ് പറഞ്ഞു."
രക്ഷിതാക്കളിൽ ചിലർ ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിൽ പരാതി നൽകിയതിനെ തുടർന്ന് ഗ്രാസ്‌പോർട്ടിന്‍റെ ലൈസൻസും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ദുബായിൽ സ്വന്തമായി അക്കാഡമി തുടങ്ങാൻ ക്രിക്കിങ് ഡോം പദ്ധതിയിടുന്നുണ്ട്.