ദുബായിൽ യാത്രക്കാർക്കായി 726 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ച് ആർടിഎ

വിവിധ മേഖലകളിലായി 726 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചു
RTA establishes 726 new bus waiting areas for passengers in Dubai

ദുബായിൽ യാത്രക്കാർക്കായി 726 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ച് ആർ.ടി.എ

Updated on

ദുബായ്: ദുബായിലെ പൊതുഗതാഗത സംവിധാനം കൂടുതൽ പേർക്ക് പ്രയോജനകരമാക്കുന്നതിന്‍റെ ഭാഗമായി ദുബായ് ആർടിഎ വിവിധ മേഖലകളിലായി 726 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചു. പ്രതിവർഷം ഏകദേശം 19.2 കോടി യാത്രക്കാർക്ക് ഈ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ഏഴ് വ്യത്യസ്ത മോഡലുകളിലായാണ് ഷെൽട്ടറുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രതിദിനം 750-ൽ അധികം യാത്രക്കാർ എത്തുന്ന പ്രധാന സ്റ്റോപ്പുകളിൽ എയർ കണ്ടീഷൻ ചെയ്ത കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബസ് നെറ്റ്‌വർക്ക് മാപ്പുകൾ, ടൈം ടേബിൾ , ബസുകളുടെ ഫ്രീക്വൻസി എന്നിവ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകളും പുതിയ സ്റ്റോപ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ചില സ്റ്റോപ്പുകളെ പത്തിലധികം ബസ് റൂട്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഇത് യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്ര കൂടുതൽ സുഗമമാക്കാനും സഹായിക്കും. വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടുത്തി 'ദുബായ് യൂണിവേഴ്സൽ ഡിസൈൻ കോഡ്' പ്രകാരമാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായിലെ ജനസാന്ദ്രതയേറിയ ഇടങ്ങളിൽ ഭാവിയിലെ ഗതാഗത ആവശ്യങ്ങൾക്ക് മുൻഗണന നൽകിയാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. പൊതുഗതാഗത ഉപയോഗം വർധിപ്പിക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com