
ദുബായിലെ പ്രധാന റൂട്ടുകളിൽ 22 വരെ റോഡ് താത്കാലികമായി അടച്ചിടുമെന്ന് ആർടിഎ
ദുബായ്: ദുബായിലെ ചില പ്രധാന റൂട്ടുകളിൽ ജൂൺ 22 വരെ താത്ക്കാലികമായി റോഡ് അടച്ചിടലും ഗതാഗത തടസവും ഉണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ക്രമീകരണം.
ഇതനുസരിച്ച് 22 ന് പുലർച്ചെ 12 മണി വരെ, ദുബായ് – അൽ ഐൻ റോഡുമായി (E66) ഇരു ദിശകളിലേക്കും വിഭജിക്കുന്ന പാലത്തിൽ ”ജബൽ അലി – ലെഹ്ബാബ് റോഡ് (E77)” പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ദുബായ് – അൽ ഐൻ റോഡിലേക്കുള്ള ഇരു ദിശകളിൽ നിന്നും വലത്തേക്ക് സ്വതന്ത്രമായി തിരിയാൻ ഡ്രൈവർമാർക്ക് നിർദേശം നൽകും.
ദുബായ് – അൽ ഐൻ റോഡിൽ നിന്ന് ജബൽ അലി – ലെഹ്ബാബ് റോഡിലേക്കുള്ള ലൂപ്പുകൾ വഴിയുള്ള എക്സിറ്റും അടക്കും. ബദൽ റൂട്ടായി E66 ലെ അടുത്ത എക്സിറ്റ് എടുക്കാവുന്നതാണ്.
എല്ലാ ഡ്രൈവർമാരും തങ്ങളുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും, കൂടുതൽ യാത്രാ സമയം പ്രതീക്ഷിക്കാനും, കാലതാമസം കുറയ്ക്കുന്നതിന് ബദൽ വഴികൾ ഉപയോഗിക്കാനും ആർടിഎ നിർദേശം നൽകിയിട്ടുണ്ട്.