ദുബായ് മെട്രൊ ലൈറ്റ് മാറ്റിവെക്കൽ പദ്ധതി: നാൽപത് ശതമാനം ജോലികൾ പൂർത്തീകരിച്ചതായി ആർടിഎ

ദുബായ് മെട്രൊയുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ വികസിപ്പിക്കുന്നതിനും ഊർജ്ജ കാര്യക്ഷമത ഉയർത്തുന്നതിനുമുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
Dubai Metro Light project has been completed

ദുബായ് മെട്രൊ ലൈറ്റ് മാറ്റിവെക്കൽ പദ്ധതി: നാൽപത് ശതമാനം ജോലികൾ പൂർത്തീകരിച്ചതായി ആർടിഎ

Updated on: 

ദുബായ്: ദുബായ് മെട്രൊ സ്റ്റേഷനുകളിലെയും അനുബന്ധ ഇടങ്ങളിലെയും ലൈറ്റുകൾ മാറ്റുന്ന പദ്ധതിയുടെ 40 ശതമാനം ജോലികളും പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ആകെ വരുന്ന 44,700 കൺവെൻഷണൽ ലൈറ്റിംഗ് യൂണിറ്റുകളിൽ 17,880 എണ്ണം മാറ്റി പകരം ഊർജ്ജക്ഷമതയേറിയ എൽഇഡി സാങ്കേതികവിദ്യയാണ് സ്ഥാപിച്ചിരിക്കുന്നത്.

ദുബായ് മെട്രൊയുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച രീതിയിൽ വികസിപ്പിക്കുന്നതിനും ഊർജ്ജ കാര്യക്ഷമത ഉയർത്തുന്നതിനുമുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ദുബായ് മെട്രൊയുടെയും ട്രാമിന്‍റെയും നടത്തിപ്പും പരിപാലനവും നിർവ്വഹിക്കുന്ന കെയോലിസ് എംഎച്ച്ഐ കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുക, പ്രവർത്തന-പരിപാലന ചെലവുകളും കാർബൺ പുറന്തള്ളലും കുറയ്ക്കുക, മെട്രൊ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകളിലെ ഫൂട്ട് ബ്രിഡ്ജുകളിലും വിവിധ പാസഞ്ചർ, പ്രവർത്തന മേഖലകളിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

കാർ പാർക്കുകൾ, ടണലുകൾ, എക്സ്റ്റൻഷൻ കെട്ടിടങ്ങൾ, പവർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനുകൾ തുടങ്ങിയ ബാക്കി ഭാഗങ്ങളിലെ ലൈറ്റിങ് സിസ്റ്റങ്ങൾ അപ്‌ഗ്രേഡ് ചെയ്യുന്ന മൂന്നാം ഘട്ട ജോലികൾ നിശ്ചയിച്ച സമയക്രമത്തിന് അനുസൃതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർടിഎ റെയിൽ ഏജൻസി റെയിൽ മെയിന്‍റനൻസ് ഡയറക്റ്റർ ദാവൂദ് അൽ റൈസ് അറിയിച്ചു.

തുടർച്ചയായി പ്രവർത്തിക്കുമ്പോൾ പുതിയ എൽ.ഇ.ഡി ലൈറ്റുകൾക്ക് 11 വർഷം വരെ പ്രവർത്തന കാലാവധിയുണ്ട്. എന്നാൽ പരമ്പരാഗത ലൈറ്റുകൾക്ക് ഇത് ഒരു വർഷം മാത്രമാണ് കാലാവധി. ഇത് വഴി 12 മുതൽ 13 തവണ വരെ ലൈറ്റുകൾ മാറ്റിസ്ഥാപിക്കേണ്ടി വരുന്നത് ഒഴിവാക്കാനും, ഒരു യൂണിറ്റിന് 6 മുതൽ 7 മണിക്കൂറുകൾ വരെ ലാഭിക്കാനും സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

2027-ൽ ഈ പദ്ധതി പൂർത്തിയാകുമ്പോൾ പ്രതിവർഷം 14 ദശലക്ഷം കിലോവാട്ട് മണിക്കൂറിലധികം വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com