ദുബായ്: പ്രമുഖ സ്വദേശി വ്യാപാരി സയീദ് അബ്ദുള്ള അൽ ഖത്താൽ അൽ മുഹൈരി (62 )അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. ദുബായ് അൽ അവീർ കേന്ദ്രമായുള്ള നിരവധി വ്യാപാര ശൃഖലകൾക്ക് നേതൃത്വം നൽകി. യുഎയിലെ സ്വദേശി കർഷകരുടെ ഉത്പന്നങ്ങൾ പൊതുവിപണിയിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
അൽ അവീർ മാർക്കറ്റിൽ മലയാളി വ്യാപാരികളെ പിന്തുണക്കുന്ന കാര്യത്തിൽ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നുവെന്ന് പഴം-പച്ചക്കറി വ്യാപാര രംഗത്തെ പ്രമുഖരായ എ എ കെ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ മാനേജിങ്ങ് ഡയറക്ടർ എ എ കെ മുസ്തഫയും സി ഇ ഒ മുഹമ്മദലിയും അനുസ്മരിച്ചു. ജീവകാരുണ്യ രംഗത്തും അദ്ദേഹം സജീവമായിരുന്നു.നിരവധി പള്ളികളുടെയും സഹായ കേന്ദ്രങ്ങളുടെയും നിർമ്മാണത്തിന് അദ്ദേഹം നേതൃത്വം നൽകി.