
സുരക്ഷിത അകലം പാലിച്ചുള്ള ഡ്രൈവിങ്: ബോധവൽക്കരണ ശില്പശാലയുമായി ദുബായ് പൊലീസ്
ദുബായ്: സുരക്ഷിത അകലം പാലിച്ചുള്ള ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബായ് പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ബോധവത്കരണ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ബോധവൽക്കരണ ശില്പശാലകൾ സംഘടിപ്പിച്ചു. ടെയിൽ ഗേറ്റിംഗ് തടയാനുള്ള യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്യാമ്പെയ്‌നുമായി ചേർന്നാണ് ഈ സംരംഭം നടത്തുന്നത്.
'ഡെലിവറൂ' കമ്പനിയിലെ ദൃഢനിശ്ചയക്കാർ ഉൾപ്പെടെ ഡെലിവറി ഡ്രൈവർമാരും വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. ടെയിൽ ഗേറ്റിംഗ് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കണമെന്നും പിന്നിൽ നിന്നുമുള്ള കൂട്ടിയിടി ജീവൻ തന്നെ അപകടത്തിലാക്കുമെന്നും ദുബായ് പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു. സുരക്ഷിത അകലം പാലിക്കുക എന്നത് റോഡ് സുരക്ഷയുടെ അടിസ്ഥാന പാഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡ്രൈവർമാർക്ക് അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാൻ സമയവും സ്ഥലവും നൽകുന്നതാണ് സുരക്ഷിത അകലം എന്നത് കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. യുഎഇ നിയമപ്രകാരം ടെയിൽ ഗേറ്റിംഗ് ഗുരുതര ഗതാഗത കുറ്റകൃത്യമാണെന്നും നിയമ ലംഘകർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കുമെന്നും അൽ മസ്രൂയി മുന്നറിയിപ്പ് നൽകി.