

സുരക്ഷിത നഗരങ്ങളായി അബുദാബിയും ദുബായിയും
ദുബായ്: ഒറ്റക്ക് യാത്ര ചെയ്യുന്നതിന് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി അബുദാബിയെയും ദുബായിയെയും തിരഞ്ഞെടുത്തു. ദീർഘയാത്രാ മേഖലയിലെ ആഗോള വിദഗ്ദരായ ‘ട്രാവൽ ബാഗാ’ണ് പുതിയ പഠനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നൂംബിയോ ക്രൈം ഇൻഡക്സ് രാത്രിയിലെയും പകലിലെയും സുരക്ഷവിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. 36 അന്താരാഷ്ട്ര കേന്ദ്രങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയത്.
സുരക്ഷക്കൊപ്പം താമസചെലവ്, ഗതാഗത നിരക്ക്, യാത്രക്കാർക്കുള്ള സ്വീകാര്യത എന്നിവ കൂടി പരിഗണിച്ചാണ് പട്ടിക രൂപപ്പെടുത്തിയത്. പട്ടികയിൽ അബുദാബിയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിറകിലായി ദുബായ് സ്ഥാനം പിടിച്ചു.
അബുദാബിക്ക് സുരക്ഷയിൽ പകൽ 92 മാർക്കും രാത്രിയിൽ 87 മാർക്കുമാണുള്ളത്. ദുബായിക്ക് പകൽ സമയത്തെ സുരക്ഷയിൽ 91 മാർക്കും രാത്രിയിൽ 83 മാർക്കുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ കുറവ്, 24മണിക്കൂറും നിലനിൽക്കുന്ന സജീവത, മികച്ച രീതിയിൽ പരിപാലിക്കുന്ന പൊതുയിടങ്ങൾ എന്നിവയും ദുബായുടെ പ്രത്യേകതകളാണ്. തനിച്ച് യാത്ര ചെയ്യുന്നവർക്ക് ദുബായ് മറീന, രാത്രി ബീച്ചുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവ വളരെ ആത്മവിശ്വാസത്തോടെ സന്ദർശിക്കാനും കഴിയുന്നത് പ്രത്യേകതകളാണ്. തായ്ലൻഡിലെ ചിയാങ് മൈ എന്ന നഗരമാണ് പട്ടികയിൽ മൂന്നാമതുള്ളത്. ഒമാനിലെ മസ്കത്ത് നാലാമതും, ന്യൂസീലാൻഡിലെ ക്വീൻസ് ടൗൺ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു.