
കേരളത്തിലെ ലഹരി വ്യാപനത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പങ്കെന്ന് സന്ദീപ് വാര്യർ
ദുബായ്: കേരളത്തിലെ ലഹരി വ്യാപനത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ പങ്കുണ്ടെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് ശേഷം ഇന്ത്യയില്‍ സിന്തറ്റിക് ഡ്രഗ്സിന്‍റെ വില്‍പ്പന 230 ശതമാനം വര്‍ധിച്ചു. ഗുജറാത്തിലെ അദാനിയുടെ മുദ്ര പോര്‍ട്ടില്‍ നിന്നും 21,000 കോടിയുടെ ഹെറോയിനാണ് പിടിച്ചെടുത്തത്.
ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് വ്യാപനം തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ദുബായ് ഇന്‍കാസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ലഹരിക്കെതിരെ പോരാടാന്‍ പ്രതിപക്ഷം പൂർണ പിന്തുണ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
എന്നാല്‍, പിണറായി സര്‍ക്കാരിന് ഇക്കാര്യത്തിൽ ആത്മാർഥതയില്ലെന്നും മദ്യനയം ഉള്‍പ്പടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കുമ്പോള്‍, ജനങ്ങള്‍ക്ക് സംശയം തോന്നുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
വൈകാതെ കേരളം ഈ ദുരിത പൂര്‍ണ്ണമായ സാഹചര്യത്തില്‍ നിന്ന് മോചിക്കപ്പെടുമെന്നും സന്ദീപ് വാര്യര്‍ ദുബായില്‍ പറഞ്ഞു. ഇന്‍കാസ് ദുബായ് സംസ്ഥാന പ്രസിഡന്‍റ് റഫീഖ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു.