

എസ് ബി - അസംപ്‌ഷൻ സംയുക്ത അലുംനെ' യുഎഇ ചാപ്റ്റർ പ്രവർത്തനം തുടങ്ങി
ദുബായ്: യുഎഇ യിലെ ആദ്യകാല അലുംനെകളിലൊന്നായ ചങ്ങനാശേരി എസ് ബി കോളേജ് അലുംനെക്കൊപ്പം ചങ്ങനാശേരി അസംപ്‌ഷൻ കോളേജിലെ പൂർവ്വവിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി 'എസ് ബി - അസംപ്‌ഷൻ സംയുക്ത അലുംനെ യുഎഇ ചാപ്റ്റർ രൂപവൽക്കരിച്ചു. ചങ്ങനാശേരി എസ് ബി കോളേജിലെ പൂർവ വിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പുമായ മാർ തോമസ് തറയിൽ ഉദ്‌ഘാടനം ചെയ്തു. 'എസ് ബി - അസംപ്‌ഷൻ സംയുക്ത അലുംനെ യുഎഇ ചാപ്റ്റർ പ്രസിഡണ്ട് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ചു.
അലുംമ്‌നെ ലോഗോ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ഉപദേഷ്ടാക്കളായ ജോ കാവാലം, ബിജു ഡൊമിനിക് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തി. എസ് ബി കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ടോം കുന്നുംപുറം, ഫാ ജിജോ മാറാട്ടുകളം, എസ് ബി കോളെജ് പൂർവ്വവിദ്യാർഥിയും കേരളത്തിലെ മുൻ ഡി ജി പിയുമായ ടോമിൻ ജെ തച്ചങ്കരി, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു. മാർ തോമസ് തറയിലിനെ ട്രഷറർ ജോസഫ് കളത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
അലുംനെ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും മാർ തോമസ് തറയിൽ പൂക്കൾ നൽകി അനുമോദിച്ചു. ആദ്യകാല ഭാരവാഹികളെ ആർച്ച് ബിഷപ്പ് ആദരിച്ചു. സജിത്ത് ഗോപി, ബെറ്റി ജെയിംസ് എന്നിവർ ചേർന്ന് മാർ തോമസ് തറയിലിന് ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് മഞ്ജു തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി മാത്യു ജോൺസ് മാമൂട്ടിൽ നന്ദിയും പറഞ്ഞു. ജൂലി പോൾ അവതാരകയായിരുന്നു. അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിന് ഗീതി സെബിൻ നേതൃത്വം നൽകി. സെക്രട്ടറി ലിജി മോൾ ബിനു, ജോ. സെക്രട്ടറി ബെറ്റി ജെയിംസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.