ഷെങ്കൻ വിസയ്ക്ക് ഇനി ഓൺലൈ‌നായി അപേക്ഷിക്കാം

മേഖലയിലെ രാജ്യങ്ങളെല്ലാം അംഗീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തിൽ വരും
ഷെങ്കൻ വിസയ്ക്ക് ഇനി ഓൺലൈ‌നായി അപേക്ഷിക്കാം
Image by brgfx on Freepik
Updated on

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് ഷെങ്കന്‍ വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാൻ സൗകര്യമൊരുങ്ങുന്നു. അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്‍റും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലും തീരുമാനിച്ചതോടെയാണിത്.

ഡിജിറ്റല്‍ വിസയ്‌ക്കൊപ്പം പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റിക്കര്‍ കൂടി പതിക്കുന്ന രീതിയാണ് നിലവിലുള്ളത്. വിസ അപേക്ഷാ നടപടിക്രമങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും, ഒപ്പം ഷെങ്കന്‍ മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കുകയുമാണ് പുതിയ സമ്പ്രദായത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കൗണ്‍സില്‍ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇനി യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളെല്ലാം ഈ തീരുമാനം അംഗീകരിച്ച ശേഷമേ പരിഷ്‌കാരം പ്രാബല്യത്തില്‍ വരൂ. ഇതോടെ ഷെങ്കന്‍ വിസ അപേക്ഷകര്‍ക്കുള്ള നടപടിക്രമങ്ങളും കൂടുതല്‍ ലളിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്നു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഏതു സന്ദര്‍ശിക്കുന്നതിനും ഷെങ്കന്‍ വിസയാണ് ആവശ്യം. ബ്രിട്ടന്‍, യുഎസ്, ക്യാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു മാത്രം 90 ദിവസത്തേക്ക് ഇതില്‍ ഇളവു ലഭിക്കും.

വിനോദസഞ്ചാരം അല്ലെങ്കില്‍ കുടുംബപരമായ ആവശ്യങ്ങള്‍ക്കുള്ള സന്ദര്‍ശനത്തിന് ആറു മാസത്തിനിടെ 90 ദിവസം യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്നതിനുള്ള അനുമതിയാണ് ഷെങ്കന്‍ വിസ വഴി ലഭിക്കുന്നത്. ബിസിനസ് ട്രിപ്പ്, കോണ്‍ഫറന്‍സ്, മീറ്റിങ് തുടങ്ങിയവയ്ക്കു വരുന്നവര്‍ക്ക് ഷെങ്കന്‍ ബിസിനസ് വിസയാണ് നല്‍കുക.

അതേസമയം, ദീര്‍ഘകാലം താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ വരുന്നവര്‍, വരാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്‍റെ വിസയാണ് എടുക്കേണ്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com