അബുദാബി: വേനലവധിക്ക് ശേഷം യുഎയിൽ സ്കൂളുകൾ തുറന്നു. 11 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് പൊതു-സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങളിൽ എത്തിയത്. പൊതു വിദ്യാലയങ്ങളിൽ മാത്രം 2,90,000 വിദ്യാർഥികൾ എത്തി. ഈ അധ്യയന വർഷം 185 പ്രവൃത്തി ദിനങ്ങളാണ് ഉണ്ടാവുക. ശൈത്യകാല അവധി ഡിസംബർ 16ന് തുടങ്ങും. വസന്തകാല ഒഴിവുകാലം മാർച്ച് 24 മുതലാണ്. ജൂൺ 10 മുതൽ വാർഷിക പരീക്ഷകൾ നടക്കും.ജൂൺ 30 ന് വാർഷികാവധി തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഇന്ന് വിദ്യാഭ്യാസ അധികൃതരും പൊലീസും നടത്തിയത്. ഇന്ന് നിയമം പാലിച്ച് അപകടരഹിതമായ വാഹനം ഓടിക്കുന്നവർക്ക് ലൈസൻസിൽ നിന്ന് 4 ബ്ലാക്ക് പോയന്റുകൾ ഒഴിവാക്കാനുള്ള അവസരം നൽകിയിട്ടുണ്ട്.
അധിക ജീവനക്കാരെ നിയോഗിച്ചാണ് സ്കൂൾ അധികൃതർ ഇന്ന് രാവിലത്തെ തിരക്ക് നിയന്ത്രിച്ചത്.ഇത്തവണ 7600 ബസുകൾ പരിശോധിക്കുകയും 18000 ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകുകയും ചെയ്തു.പുതിയ ഡ്രൈവർമാർക്ക് വേണ്ടി ഇന്നലെ ട്രയൽ റൺ നടത്തിയിരുന്നു.
നീണ്ട അവധിക്കാലം കഴിഞ്ഞ് വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം മടക്കയാത്ര ഒരാഴ്ച വരെ നീട്ടിവച്ചവരുമുണ്ട്.