
സുരക്ഷാ സഹകരണം: അന്താരാഷ്ട്ര പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്ത് ദുബായ് ഇമിഗ്രേഷൻ
ദുബായ്: സുരക്ഷാ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യു എ ഇ സന്ദർശിക്കാനെത്തിയ അന്തർദേശിയ പ്രതിനിധി സംഘത്തെ ദുബായ് ഇമിഗ്രേഷൻ സ്വാഗതം ചെയ്തു. സുരക്ഷ, പ്രതിസന്ധി കൈകാര്യം ചെയ്യൽ, വിവര സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ സഹകരണം മെച്ചപ്പെടുത്തുകയാണ് ഈ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. ഗവൺമെന്‍റ് എക്‌സ്പീരിയൻസ് എക്‌സ്‌ചേഞ്ച് ഓഫീസ് സംഘടിപ്പിച്ച 'സെക്യൂരിറ്റി, സേഫ്റ്റി ആൻഡ് ക്രൈസിസ് മാനേജ്മെന്‍റ് ലീഡേഴ്സ് പ്രോഗ്രാമി'ന്‍റെ ഭാഗമായി 17 രാജ്യങ്ങളിൽ നിന്നുള്ള 23 ഉന്നത ഉദ്യോഗസ്ഥരാണ് ദുബായിലെത്തിയത്.
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ ദുബായ്) ഡയറക്ടർ ജനറൽ ലഫ്:ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും എയർപോർട്ട്‌സ് അഫയേഴ്‌സ് സെക്ടറിലെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതിയും ചേർന്നാണ് അതിഥികളെ സ്വീകരിച്ചത്. ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3-ലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിൽ നടന്ന കൂടിക്കാഴ്ചയിൽ ദുബായുടെ ആധുനിക സുരക്ഷാ സംവിധാനങ്ങൾ സംഘത്തിന് പരിചയപ്പെടുത്തി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര ഘട്ടങ്ങളിൽ അതിവേഗം പ്രതികരിക്കാനും സഹായിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പ്രതിനിധി സംഘം നേരിട്ട് കണ്ടു മനസ്സിലാക്കി. സുരക്ഷാ രംഗത്ത് യുഎഇ ഒരു ആഗോള വിജ്ഞാന കൈമാറ്റ കേന്ദ്രമായി മാറിയെന്ന് ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ജിഡിആർഎഫ്എ ദുബായ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവന കേന്ദ്രവും സംഘം സന്ദർശിച്ചു.