
സ്വയം നിയന്ത്രിത ഗതാഗതം: ദുബായ് ലോക കോൺഗ്രസ് സെപ്റ്റംബറിൽ, രജിസ്ട്രേഷന് തുടക്കം
ദുബായ്: ഈ വർഷം സെപ്റ്റംബറിൽ സ്വയം നിയന്ത്രിത ഗതാഗതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ദുബായിൽ നടക്കുന്ന ലോക കോൺഗ്രസിനുള്ള രജിസ്‌ട്രേഷൻ തുടങ്ങിയതായി ദുബായ് ആർടിഎ അറിയിച്ചു.
യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശ പ്രകാരമാണ് സെപ്റ്റംബർ 24,25 തിയതികളിൽ പരിപാടി നടത്തുന്നത്.
'റീഡിഫൈനിങ് മൊബിലിറ്റി: ദി പാത്ത് ടു ഓട്ടോണമി' എന്നതാണ് ഈ വർഷത്തെ പ്രമേയം. ദുബായെ ലോകത്തെ മുൻനിര സ്വയം നിയന്ത്രിത ഗതാഗത ഹബ്ബാക്കി മാറ്റാനുള്ള ദൗത്യമാണ് ആർടിഎയുടെതെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസിയുടെ സിഇഒയും കോൺഗ്രസ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ബഹ്‌റോസ്യാൻ പറഞ്ഞു.
2024-ലെ ദുബായ് വേൾഡ് ചാലഞ്ച് ഫോർ സെൽഫ്-ഡ്രൈവിങ് ട്രാൻസ്‌പോർട്ടിന്‍റെ വിജയികളെ ഈ സമ്മേളനത്തിൽ പ്രഖ്യാപിക്കും. വിജയിക്കുന്ന ഗ്രൂപ്പിന് 3 മില്യൺ ഡോളർ സമ്മാനമായി നൽകും.
കൂടുതൽ വിവരങ്ങൾക്ക് https://sdcongress.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.