സെക്കല്‍ വോള്‍വുലസ്; മലയാളി ബാലികയ്ക്ക് പുതുജീവൻ നൽകി ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്‌ടർമാർ

കഠിനമായ വയറു വേദന, ഛര്‍ദി, മല വിസര്‍ജ്ജന തടസം എന്നിവയുമായാണ് കുട്ടിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്
sharjah aster medcity doctors save malayali girl
സെക്കല്‍ വോള്‍വുലസ്; മലയാളി ബാലികയ്ക്ക് പുതുജീവൻ നൽകി ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്‌ടർമാർ
Updated on

ഷാര്‍ജ: ഒരു സംഘം വിദഗ്ധ ഡോക്ടർമാരുടെ ചികിത്സാ നൈപുണ്യത്തിൽ മലയാളി ബാലിക ദേവ്ന അനൂപിന് പുതുജീവൻ. പന്ത്രണ്ട് വയസുകാരിയായ ദേവ്നയുടെ ജീവിതത്തെ മാറ്റിമറിച്ച അടിയന്തര ശസ്ത്രക്രിയ നടത്തിയത് ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ മെഡിക്കൽ സംഘമാണ്. സെക്കല്‍ വോള്‍വുലസ് എന്നറിയപ്പെടുന്ന അപൂര്‍വവും ജീവന് ഭീഷണിയുള്ളതുമായ രോഗമാണ് ദേവ്നയെ ബാധിച്ചത്. കഠിനമായ വയറു വേദന, ഛര്‍ദി, മല വിസര്‍ജ്ജന തടസം എന്നിവയുമായാണ് കുട്ടിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അണുബാധ, അല്ലെങ്കില്‍ മലബന്ധം പോലുള്ള മറ്റ് സാധാരണ ദഹനരോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തി. സിടി സ്‌കാന്‍ ചെയ്തതോടെ കൂടുതല്‍ പരിശോധനകളില്‍ രോഗാവസ്ഥയുടെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാവുകയും ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയും ചെയ്തു.

മാസം തികയാതെയുള്ള ജനനത്തിന്‍റേയും ഭാരക്കുറവിന്‍റേയും ചരിത്രമുള്ള ദേവ്ന, ചികിത്സാ ഘട്ടങ്ങളിലും രോഗ മുക്തിയിലും ശ്രദ്ധേയമായ പ്രതിരോധ ശേഷിയാണ് പ്രകടമാക്കിയത്. വെല്ലുവിളികള്‍ക്കിടയിലും അസാധാരണമായ കരുത്തും നിശ്ചയദാര്‍ഢ്യവും ദേവ്‌ന പ്രകടിപ്പിച്ചു.

വന്‍ കുടലിന്‍റെ ആദ്യ ഭാഗമായ സെക്കം ഉദര ഭിത്തിയില്‍ നിന്ന് വേര്‍പെട്ട് സ്വയം വളയുകയും രക്തയോട്ടം തടസപ്പെടുകയും ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപൂര്‍വമായ കുടല്‍ തടസമാണ് സെക്കല്‍ വോള്‍വുലസ്.

2 മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയയില്‍, ഭാവിയില്‍ വോള്‍വുലസ് ഉണ്ടാകുന്നത് തടയാന്‍ കുടലിന്‍റെ ബാധിത ഭാഗം നീക്കുകയും വയറിലെ ഭിത്തിയില്‍ സെക്കം ഉറപ്പിക്കുകയും ചെയ്തു.ഷാര്‍ജയിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി ഡോ. സന്ദീപ് ടാന്‍ഡല്‍, ഷാര്‍ജയിലെ സ്പെഷ്യലിസ്റ്റ് ലാപ്രോസ്‌കോപിക് ആന്‍ഡ് ജനറല്‍ സര്‍ജറി ഡോ. അഭിലാഷ് ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ജിക്കൽ സംഘമാണ് ദേവ്നയുടെ ശസ്ത്രക്രിയ നടത്തിയത്.

ഷാര്‍ജ ആസ്റ്റര്‍ ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിലെ വിദഗധരുടെ ഏകോപനത്തോടെയുള്ളപ്രവര്‍ത്തനമാണ് ദേവ്‌നയുടെ ശസ്ത്രക്രിയ വിജയകരമാക്കിയത്. സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റും ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവിയുമായ ഡോ. മുഹമ്മദ് ഇല്യാസ്, സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോ. രഞ്ജന, ഡോ. സന്ദീപ് ടാന്‍ഡല്‍, ലാപ്രോസ്‌കോപിക്, ജനറല്‍ സര്‍ജറി എന്നിവയില്‍ വിദഗ്ധനായ ഡോ. അഭിലാഷ് ജയചന്ദ്രന്‍ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ആസ്റ്റര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടീമിനോടുള്ള തന്‍റെ അഗാധമായ നന്ദി അറിയിക്കുന്നതായി ദേവ്‌നയുടെ പിതാവ് അനൂപ് എരത്തേന്‍പറമ്പില്‍ പറഞ്ഞു. കുട്ടികളില്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ടാല്‍ വിശദമായ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ഡോ.മുഹമ്മദ് ഇല്യാസ് നിർദേശിച്ചു. സെക്കല്‍ വോള്‍വുലസ് പോലുള്ള അപൂര്‍വ അവസ്ഥകള്‍ ഉടനടി കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ജീവന് ഭീഷണിയായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com