
ഗതാഗത നിയമലംഘനം:10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ റദ്ദാക്കി ഷാർജ പൊലീസ്
ഷാർജ: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ ഷാർജ പൊലീസ് റദ്ദാക്കി. 7,000ത്തിലധികം ട്രാഫിക് പിഴകളാണ് ഈ രീതിയിൽ ഒഴിവാക്കിയിട്ടുള്ളത് . ആദ്യഘട്ടത്തിൽ 284 പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. പിഴ ഒഴിവാക്കാനുള്ള ഓരോ അപേക്ഷയ്ക്കും 1,000 ദിർഹം ഫീസ് ഈടാക്കും. എന്നാൽ, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പ്രത്യേക കേസുകളിൽ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. വാഹന ഉടമയുടെ മരണം, 10 വർഷമോ അതിലധികമോ കാലയളവിൽ രാജ്യത്ത് നിന്ന് സ്ഥിരമായി പുറത്തുപോകൽ , ഉടമയെ കണ്ടെത്താൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ അർഹതയുള്ളവർ ട്രാഫിക് ആൻഡ് ലൈസൻസിങ് സർവീസ് സെന്‍ററുകൾ സന്ദർശിക്കണം.
സമയബന്ധിതമായി പിഴ അടയ്ക്കുന്നവർക്കായി എക്സിക്യൂട്ടീവ് കൗൺസിൽ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പിഴ 60 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ 35 ശതമാനം കിഴിവ് ലഭിക്കും.
പിഴത്തുക, വാഹനം പിടിച്ചെടുത്ത കാലയളവിലെ തുക, വാഹനത്തിന്‍റെ സ്റ്റോറേജ് ഫീസ് എന്നിവക്കെല്ലാം ഈ ഇളവ് ബാധകമാണ്. പിഴ 60 ദിവസത്തിനും ഒരു വർഷത്തിനും ഇടയിൽ അടയ്ക്കുകയാണെങ്കിൽ 25 ശതമാനം കിഴിവ് ലഭിക്കും. ഈ ഇളവ് പിഴത്തുകയ്ക്ക് മാത്രമായിരിക്കും ലഭിക്കുക.