
റമദാനിൽ 9 ലക്ഷം പേർക്ക് ഇഫ്താർ കിറ്റുകൾ നൽകുമെന്ന് ഷാർജ ചാരിറ്റി
ഷാർജ: റമദാൻ മാസത്തിൽ 9 ലക്ഷം പേർക്ക് ഇഫ്താർ കിറ്റുകൾ നൽകുമെന്ന് ഷാർജ ചാരിറ്റി അസോസിയേഷൻ അറിയിച്ചു. ഇതിനായി 135 ഇടങ്ങളിൽ റമദാൻ ടെന്‍റുകൾ ഒരുക്കും. വരുമാനം കുറഞ്ഞ കുടുംബങ്ങൾ, തൊഴിലാളികൾ, ദുർബല വിഭാഗങ്ങൾ എന്നിവർക്ക് പോഷകസമൃദ്ധമായ ഭക്ഷണം എത്തിക്കുന്നതിനായി തുടങ്ങിയ 'നോമ്പുകാർക്ക് ഇഫ്താർ' എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് എല്ലാവർഷവും സൗജന്യ കിറ്റുകൾ വിതരണം ചെയ്യുന്നത്.
ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിലായിരിക്കും റമദാൻ ടെന്‍റുകളും, വിതരണ കേന്ദ്രങ്ങളും കൂടുതൽ സ്ഥാപിക്കുക എന്നും, ആവശ്യക്കാർക്ക് ഇഫ്താർ കിറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും ഷാർജ ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള സുൽത്താൻ ബിൻ ഖാദിം പറഞ്ഞു.
ഓരോ കിറ്റും ഉയർന്ന ആരോഗ്യ സുരക്ഷാ നിലവാരം പാലിക്കുന്നതാണെന്ന് ഉറപ്പുവരുത്തുന്നതിനായി അംഗീകൃത അടുക്കളകളുമായി സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണം കൊണ്ടുപോകുമ്പോൾ നിലവാരം നിലനിർത്തുന്നതിനായി പ്രത്യേക കണ്ടെയ്നറുകളും ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കും.