
ഷാർജ കുട്ടികളുടെ വായനോത്സവം: പതിനാറാം പതിപ്പ് ഉദ്ഘാടനം ചെയ്തത് ഷാർജ ഭരണാധികാരി
ഷാർജ: ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി. ഷാർജ എക്സ്പോ സെന്‍ററിൽ യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 'ഡൈവ് ഇൻറ്റു ബുക്‌സ്' എന്ന പ്രമേയത്തിൽ നടക്കുന്ന വായനോത്സവം മെയ് 4ന് സമാപിക്കും.
ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, എസ്.ബി.എ ചെയർപേഴ്‌സൺ ഷെയ്ഖാ ബുദൂർ അൽ ഖാസിമി, യു.എ.ഇ ആരോഗ്യ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്, ഈജിപ്ത് സാംസ്കാരിക മന്ത്രി അഹമ്മദ് ഫൗദ് ഹാനോ എന്നിവർ ഉദ്ഘടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം ഫെസ്റ്റിവൽ ഹാളുകൾ ഷാർജ ഭരണാധികാരി സന്ദർശിച്ചു. ഈ വർഷം 22 രാജ്യങ്ങളിൽ നിന്നുള്ള 122 അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് വായനോത്സവത്തിൽ പങ്കെടുക്കുന്നത്. 12 ദിവസങ്ങളിലായി 70 രാജ്യങ്ങളിൽ നിന്നുള്ള 133 അതിഥികൾ 1,024ലധികം പരിപാടികൾക്ക് നേതൃത്വം നൽകും. പര്യടനത്തിനിടെ, റൂബു ഖറൻ ഫൗണ്ടേഷൻ ഫോർ ക്രിയേറ്റിംഗ് ലീഡേഴ്‌സ് ആൻഡ് ഇന്നൊവേറ്റേഴ്‌സിന്‍റെ അംഗീകാരമുള്ള ഷാർജ ചിൽഡ്രൻസ് പവലിയൻ ഷെയ്ഖ് സുൽത്താൻ സന്ദർശിച്ചു.
6 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികളെയും യുവാക്കളെയും സാഹിത്യത്തിലൂടെയും അറിവിലൂടെയും ശാക്തീകരിക്കുന്നതിനും സമൂഹത്തിൽ അവരുടെ സജീവ പങ്ക് വർധിപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന 'നൂറ്റാണ്ടിന്‍റെ വായനക്കാരൻ' പ്ലാറ്റ്‌ഫോമിന് അദ്ദേഹം തുടക്കമിട്ടു. അറബിക് ബാല സാഹിത്യത്തിനുള്ള അന്താരാഷ്ട്ര അവാർഡിന്‍റെ പുതുതായി രൂപകൽപന ചെയ്ത വെബ്‌സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. അവാർഡിന്‍റെ പതിനേഴാം പതിപ്പിന്‍റെ തുടക്കവും പ്രഖ്യാപിച്ചു. സാമൂഹിക സേവന വകുപ്പ്, അറബ് ചിൽഡ്രൻസ് ബുക്ക് പബ്ലിഷേഴ്‌സ് ഫോറം, കലിമത്ത് ഫൗണ്ടേഷൻ, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി, കലിമത്ത് ഗ്രൂപ്പ് എന്നിവയുടെ പവലിയനുകളും ഷെയ്ഖ് സുൽത്താൻ സന്ദർശിച്ചു. ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ് ജേതാക്കളെ അദ്ദേഹം ആദരിച്ചു. അവാർഡിന്‍റെ മൂന്ന് വിഭാഗങ്ങൾക്കും 20,000 ദിർഹം വീതം സമ്മാനമായി നൽകും.
കലിമത്ത് ഗ്രൂപ് പ്രസിദ്ധീകരിച്ച ഷെയ്ഖാ ബുദൂർ അൽ ഖാസിമിയുടെ ഏറ്റവും പുതിയ കൃതിയായ 'ഹൗസ് ഓഫ് വിസ്ഡം' ഇംഗ്ലീഷ് ഭാഷയിലുള്ള കുട്ടികളുടെ പുസ്തക വിഭാഗത്തിൽ (7 മുതൽ 13 വയസ്സ് വരെ) ശ്രദ്ധ നേടിയിട്ടുണ്ട്. ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷൻ അവാർഡ്സ് 2025ലെ വിജയികളെയും ഷാർജ ഭരണാധികാരി ആദരിച്ചു. ഒന്നാം സമ്മാനം മെക്സിക്കോയിൽ നിന്നുള്ള ലൂയിസ് മിഗുവൽ സാൻ സ്വന്തമാക്കി.