

ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷാർജ: ഷാർജയിൽ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന പൗരന്മാരുടെ കടബാധ്യതകൾ എഴുതിത്തള്ളാൻ ഷാർജ കടം തീർപ്പാക്കൽ സമിതി 7.3 കോടി ദിർഹം അനുവദിച്ചു. 143 കേസുകൾ പരിഹരിക്കുന്നതിനായി തുക വിനിയോഗിക്കും. യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ് തീരുമാനം. പദ്ധതിയിലൂടെ ഇതുവരെ 1.35 ശതകോടി ദിർഹം ചെലവിട്ടതായി സമിതി ചെയർമാൻ ശൈഖ് റാശിദ് അഹമ്മദ് അൽ ശൈഖ് അറിയിച്ചു. 2,791 പേരാണ് ഇതുവരെയുള്ള ഗുണഭോക്താക്കൾ.
പദ്ധതിയുടെ 29ാമത് ബാച്ചിനായാണ് 7.3 കോടി ദിർഹം അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014ൽ ആണ് ഷാർജ ഭരണാധികാരി ഷാർജ ഡെബ്റ്റ് സെറ്റിൽമെന്‍റ് കമ്മിറ്റിക്ക് രൂപം നൽകുന്നത്. യഥാർഥ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്മാരെ പിന്തുണക്കുകയാണ് സമിതിയുടെ ലക്ഷ്യം.